Voices

വര്‍ഗീയത തോറ്റിട്ടില്ല; വാളോങ്ങുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന നേരെ

നബിനിന്ദ ആരോപിക്കപ്പെട്ടപ്പോഴുണ്ടായ പ്രതികരണങ്ങളും മാധ്യമങ്ങളോ പൊതുസമൂഹമോ ചര്‍ച്ചയാക്കിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

Written by : NP Rajendran

 
മതമൈത്രിക്കും സ്വതന്ത്രചിന്തയ്ക്കും പേരുകേട്ട കേരളം അതിവേഗം വര്‍ഗീയശക്തികളുടെ പിടിയിലമരുകയാണ്. ഫാസിസം ഒരു ഭരണരൂപമാകുന്നതിന്റെ അടുത്തൊന്നും എത്തിയിട്ടില്ലെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തിന്‍മേല്‍ ഫാസിസം അതിന്റെ മഴു ആഞ്ഞുവീശിത്തുടങ്ങി. ഒറ്റപ്പെട്ട സംഭവങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. അത് അതിവേഗം ശക്തി പ്രാപിക്കുന്ന ഒരു ഗുരുതര പ്രവണതയുടെ പൊട്ടലും ചീറ്റലുകളുമാണ് എന്ന് കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 

ഫിബ്രുവരിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ സിന്ധുസൂര്യകുമാറിനെതിരെ ഇതിന് മുമ്പൊന്നും ഒരു കേട്ടിട്ടുപോലുമില്ലാത്ത ഹീനതയോടെ വര്‍ഗീയവാദികള്‍ കടന്നാക്രമണം നടത്തിയത്. ന്യൂസ് അവറിലെ ചര്‍ച്ചയില്‍ അവര്‍ ദുര്‍ഗാദേവിയെ അപമാനിച്ചു എന്ന് സംഘടിതമായ വ്യാജപ്രചാരണം സംഘടിപ്പിക്കുകയും ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ അവരുടെയും കുടുംബത്തിന്റെയും ഫോണ്‍നമ്പറുകളിലേക്ക് തെറിയും ഭീഷണിയും അശ്ലീലവും ചെരിയുന്ന ആയിരക്കണക്കിന് കോളുകള്‍ ഒഴുകിവരികയും ചെയ്തത് ഒരു പക്ഷേ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ സംഭവമായിരിക്കും. അതിന്റെ അപൂര്‍വ കൊണ്ടുതന്നെ അന്താരാഷ്ട്ര മാധ്യമസംഘടനകളായ ഇന്റര്‍നാഷനല്‍ യൂണിയന്‍ ഒഫ് ജേണലിസും സി.പി.ജെ.യും ഈ സംഭവം ഗൗരവപൂര്‍വം റിപ്പോര്‍ട്ട് ചെയ്യുകയും അപലപിക്കുകയും ചെയ്തു. 

അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാന്‍ വിമര്‍ശകര്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഫാസിസമല്ല. മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തുമെല്ലാം പ്രവര്‍ത്തിക്കുന്നവര്‍ അത് ചിലപ്പോഴെങ്കിലും അനുഭവിച്ചേ തീരൂ. ചിലരുടെയെങ്കിലും ഭാഷ കടുത്തതാവാം. ഭീഷണിയുടെ സ്വരം അതിലുണ്ടായെന്നും വരാം. വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ ചിലരെങ്കിലും അത് കേട്ട് തൃപ്തിപ്പെടാം. അല്ലാത്തവര്‍ ഇനി ഇങ്ങനെ സംഭവിച്ചാല്‍ പത്രംബഹിഷ്‌കരിക്കുമെന്നോ മറ്റോ പറഞ്ഞു പിന്‍വാങ്ങുന്നതാണ് പൊതുവെ കണ്ടുവരാറുള്ളത്. വായനക്കാരുടെ ഒരു ഫീഡ്ബാക്ക് ആയി ഇതിനെ സ്വീകരിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത് എന്ന കാര്യത്തില്‍ സംശയമില്ല. 

ഫോണ്‍ പീഡനം

ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രവണതയുടെ തുടക്കമായിരുന്നു സിന്ധു സൂര്യകുമാര്‍ സംഭവം. ജെ.എന്‍.യു.വില്‍ മഹിഷാസുര ദിനം ആചരിച്ചതുമായി ബന്ധപ്പെട്ട്് ജെ.എന്‍.യു.വിലെ ഏതോ ചെറുസംഘം ഇറക്കിയ നോട്ടീസ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ കൊണ്ടുവന്നതാണ് അന്ന് ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. ഈ ലഘുലേഖയില്‍ ദുര്‍ഗാദേവിയെ സെക്‌സ് വര്‍ക്കറായി ചിത്രീകരിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്നത് ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി.നേതാവ് ആവര്‍ത്തിച്ചപ്പോള്‍ അതെങ്ങനെയാണ് രാജ്യദ്രോഹമാകുക എന്ന ചോദ്യമാണ് ചര്‍ച്ച നയിച്ച സിന്ധു സൂര്യകുമാര്‍ ഉന്നയിച്ചത്. മതനിന്ദയാണ് എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം, എങ്ങനെയാണ് ഒരു കേന്ദ്രമന്ത്രി ഇതിനെ രാജ്യദ്രോഹമാക്കിമാറ്റുന്നത് എന്ന ചോദ്യം സംഘപരിവാര്‍ ചിന്താഗതി പുലര്‍ത്തുന്ന ഒരു വിഭാഗത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. സിന്ധു ദുര്‍ഗാദേവിയെ ലൈംഗികത്തൊഴിലാളി എന്നു വിളിച്ചെന്നായി വ്യാഖ്യാനം. മാധ്യമപ്രവര്‍ത്തകയെ പാഠം പഠിപ്പിക്കാന്‍ ഒരു സംഘമാളുകള്‍ ഒരുങ്ങിപ്പുറപ്പെട്ടതിന്റെ തിക്താനുഭവങ്ങളാണ് തുടര്‍ന്നുണ്ടായത്. 

സിന്ധു സൂര്യകുമാര്‍ ദുര്‍ഗാദേവിയെ അധിക്ഷേപിച്ചതായി ചാനല്‍ ചര്‍ച്ച കേട്ടവരൊന്നും പറയുന്നില്ല. ബി.ജെ.പി. മുഖപത്രത്തില്‍ എഴുതിയവര്‍ക്കും അങ്ങനെയൊരു ആക്ഷേപമില്ല. ' ദുര്‍ഗാദേവിയെ അപമാനിച്ചവരെ പിന്തുണക്കുക താങ്കളുടെ ലക്ഷ്യം അല്ലായിരിക്കാം. പക്ഷേ, അത് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതിനല്‍ താങ്കള്‍ അമ്പേ പരാജയപ്പെട്ടു എന്ന് ഖേദത്തോടെ പറയട്ടെ' എന്നാണ് ബി.ജെ.പി.മുഖപത്രം അവര്‍ക്കുള്ള തുറന്ന കത്തിന്റെ രൂപത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. ദുര്‍ഗാദേവിയെ അപമാനിച്ചു എന്നതല്ല സിന്ധു സൂര്യകുമാര്‍ ചെയ്ത തെറ്റ്. അപമാനിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതാണ് കുറ്റം. അതിനാണ് രണ്ടായിരത്തോളം ആളുകള്‍ അനേകദിവസങ്ങള്‍ സിന്ധു സൂര്യകുമാര്‍ എന്ന സീനിയര്‍ മാധ്യമപ്രവര്‍ത്തകയെ രാവും പകലും തുടര്‍ച്ചയായി, ഭീഷണിപ്പെടുത്തി അധിക്ഷേപിച്ച് പീഢിപ്പിച്ചത്. ഇതാണ് പുത്തന്‍ ഫാസിസത്തിന്റെ പുതിയ രൂപങ്ങള്‍. 

ഈ സംഭവത്തിന് കഷ്ടിച്ച് ആറുമാസം മുമ്പാണ്് അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു സംഭവം മാതൃഭൂമി പത്രത്തിലുണ്ടായത്. രാമായണമാസക്കാലമായ കര്‍ക്കിടകത്തില്‍ പലരെക്കൊണ്ടും രാമായണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചെറിയ ലേഖനങ്ങള്‍ കുറെ വര്‍ഷങ്ങളായി പത്രം പ്രസിദ്ധപ്പെടുത്തി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അങ്ങനെ ലേഖനമെഴുതിയവരില്‍ ഒരാള്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകനും കലിക്കറ്റ് സര്‍വകലാശാലയില്‍ മലയാളം പ്രൊഫസറുമായിരുന്ന ഡോ. എം.എം.ബഷീര്‍ ആണ്. ഒരു മുസ്ലിം രാമായണത്തെപ്പറ്റി എഴുതുകയോ? എന്താണ് ഡോ.ബഷീര്‍ എഴുതിയ വിമര്‍ശനമെന്നാരും നോക്കിയതുപോലുമില്ല. വിമര്‍ശനമാണെന്ന് ആരോ പറഞ്ഞു. ഉടനെ ഇറങ്ങി ബഷീറിനും മാതൃഭൂമിക്കും എതിരെ ഹനുമാന്‍സേന എന്ന സംഘടന. നിരന്തരമായ ടെലഫോണ്‍ ഭീഷണികള്‍ ബഷീറിനെത്തേടി വന്നപ്പോള്‍ ബഷീറിനെ ന്യായീകരിക്കാന്‍ ബഷീര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭീഷണി ശാരീരികാക്രമണമായേക്കും എന്ന നില എത്തിയപ്പോള്‍ ബഷീറിന് എഴുതിക്കൊണ്ടിരുന്ന പംക്തി സ്വമേധയാ ഉപേക്ഷിക്കേണ്ടിവന്നു. മാധ്യമരംഗത്തോ ബൗദ്ധികരംഗത്തോ ഈ സംഭവം ഒരു ഗൗരവമുള്ള ചര്‍ച്ച പോലുമായില്ല. ഇവിടെയും മുഖ്യധാരയില്‍ പോലും പെടാത്ത, എത്ര ഡസന്‍ ആളുകള്‍ ഒപ്പമുണ്ടെന്നുപോലും അറിയാത്ത ഒരു സംഘത്തിനു മുന്നില്‍ മുട്ടുകുത്തുകയായിരുന്നു മാധ്യമവും പൊതുസമൂഹവും.

കാര്‍ട്ടൂണിലെ ഗണപതി

നിയമസഭാതിരഞ്ഞെടുപ്പിന് ശേഷമുള്ള വി.എസ്്. അച്യുതാനന്ദന്റെ അവസ്ഥയെ കളിയാക്കുന്ന ഗോപീകൃഷ്ണന്റെ ഒരു കാര്‍ട്ടൂണ്‍ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് മെയ് 27നാണ്. മാതൃഭൂമിയെക്കുറിച്ച് സര്‍വമതപ്രീണനം ആരോപിക്കപ്പെട്ടേക്കാം. അല്ലാതെ, അതൊരു ഹിന്ദുവിരുദ്ധ പ്രസിദ്ധീകരണമാണ് എന്ന് കൊടിയ ഹിന്ദുവര്‍ഗീയവാദികള്‍ പോലും പറയില്ല. സമീപകാലത്ത് മതസംബന്ധിയായ ചില വിവാദങ്ങള്‍ മാതൃഭൂമി പത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചും ആവശ്യത്തിലേറെ ഭയപ്പെട്ടുമാണ് അവര്‍ ഓരോന്നും പ്രസിദ്ധീകരിക്കുന്നത്. ഗണപതിയെക്കുറിച്ചല്ല കാര്‍ട്ടൂണ്‍, അച്യുതാനന്ദനെക്കുറി്ച്ചാണ്. ഗണപതിയെ അല്ല, അച്യുതാനന്ദനെയാണ് പരിഹസിച്ചത്.  പുരാണങ്ങളെയും  ഐതിഹ്യങ്ങളെയും പഴങ്കഥകളെയും ആസ്പതമാക്കിയുള്ള രചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാര്‍ട്ടൂണ്‍ കണ്ട ഒരാള്‍ക്കുപോലും ഇത് മോശമായി എന്ന തോന്നലുണ്ടായിട്ടില്ല. 

പക്ഷേ, തികച്ചും വര്‍ഗീയമായ അജന്‍ഡയോടെ ഒരു സംഘം ആളുകള്‍ ഫോണ്‍കടന്നാക്രമണത്തിലേര്‍പ്പെട്ടു. പുത്തന്‍ മാരകായുധമാത്. ഉത്തരവാദിത്ത ബോധമുള്ള ഒരു നേതാവോ സംഘടനയോ മാതൃഭൂമി പത്രാധിപരെയോ സ്ഥാപനത്തലവന്മാരെയോ വിളിച്ച് കാര്‍ട്ടൂണിനെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. എന്നിട്ടും പ്രസിദ്ധീകരിച്ച ദിവസം മുതല്‍ നാലഞ്ച് ദിവസത്തോളം മാതൃഭൂമി നിരന്തരമായ ഫോണ്‍ കടന്നാക്രമണങ്ങള്‍ക്ക് ഇരയായി. മാതൃഭൂമി ഓഫീസിലേക്കും കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ നമ്പറിലേക്കും വന്നുകൊണ്ടിരുന്നത് നൂറുകണക്കിന് വിളികളാണ്, തെറിയും ഭീഷണിയുമാണ് അവയിലേറെ ഉണ്ടായിരുന്നത്. കൊന്നുകത്തിച്ചുകളയുമെന്ന ഭീഷണിതന്നെ നിരവധിയുണ്ടായി.' ഒരു കാര്‍ട്ടൂണിസ്റ്റിനെ കൊല്ലുകയും കത്തിക്കുകയും ഒന്നും വേണ്ട. ഇത്തരം ഭീഷണികള്‍തന്നെ കാര്‍ട്ടൂണിസ്റ്റിനെ കൊല്ലുന്നതിന് തുല്യമാണ്. നിരന്തരമായ ഭീഷണിയുടെ അന്തരീക്ഷത്തില്‍ കാര്‍ട്ടൂണ്‍ വരക്കാന്‍ പ്രയാസമാണ്' - ഗോപീകൃഷ്ണന്‍ ഈ ലേഖകനോട് പറഞ്ഞു. സിന്ധുസൂര്യകുമാറില്‍നിന്ന് വ്യത്യസ്തമായി, ഗോപീകൃഷ്ണന്‍ അനുഭവിക്കേണ്ടിവന്ന ഫോണ്‍പീഡനത്തെക്കുറിച്ച് വായനക്കാര്‍ യാതൊന്നും അറിഞ്ഞതുമില്ല. 

വിചിത്രമെന്ന് പറയട്ടെ, ഹിന്ദുത്വത്തിന്റെ പേരില്‍ നിഗൂഡമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ഈ ശക്തികള്‍ക്ക് മാതൃക ഇസ്ലാമിക തീവ്രവാദികളാണ്. മുഹമ്മദ് നബിയെക്കുറിച്ചെഴുതിയിട്ട് നിങ്ങള്‍ക്ക് മുട്ടുവിറച്ചില്ലേ? മാപ്പ് പറഞ്ഞില്ലേ? ഗണപതിയെക്കുറിച്ച് വരച്ചാലും മാപ്പ് പറയിക്കും എന്നതാണ് മിക്ക സന്ദേശങ്ങളുടെയും ഉള്ളടക്കം. മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ടി വന്നത് അവ, മുഹമ്മദ് നബിയെക്കുറിച്ചല്ല ആരെക്കുറിച്ചും എഴുതാന്‍ പാടില്ലാത്തത്ര മോശം പരാമര്‍ശങ്ങളായതുകൊണ്ടാണ്. അതിന്റെ ന്യായാന്യായതകള്‍ വര്‍ഗീയമനസ്സുകള്‍ക്ക് ബോധ്യം വരുന്നതല്ല. 

നബിനിന്ദയുടെ പേരില്‍

ഗണപതിയെക്കുറിച്ച് വരച്ചതുപോലുള്ള കാര്‍ട്ടൂണ്‍ മുഹമ്മദ് നബിയെക്കുറിച്ച് വരക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി കൊടുക്കാനും സാധ്യമല്ല. കാരണം, അങ്ങനെ വരയ്ക്കാന്‍ സാധ്യമല്ല എന്നതുതന്നെ. മുഹമ്മദ് നബിയുടെ ഫോട്ടോ വെച്ച് ആരും പൂജ നടത്തുന്നുമില്ലല്ലോ, ഗണപതിയുടെ ഫോട്ടോ വെച്ച് പൂജ നടത്താമല്ലോ എന്ന മറുപടി പോലും അതിന്റെ കാതലിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നതാവില്ല. രണ്ടിടത്തും ഒരുപോലെ, വിശ്വാസങ്ങളുടെ അടിച്ചേല്‍പ്പിക്കലും അന്ധമായ പല ധാരണകളും അയുക്തികമായ കാഴ്ചപ്പാടുകളും ഉണ്ടെന്നതാണ് സത്യം. കുറെച്ചെങ്കിലും സഹിഷ്ണുത ഉണ്ടായിരുന്നവരും അതില്ലാതാക്കാനാണ് ശ്രമിക്കുന്നത്. സ്വന്തം നന്മകളെ ഉയര്‍ത്തിപ്പിടിക്കാനല്ല, അവ ദൗര്‍ബല്യങ്ങളാണെന്ന് പറഞ്ഞ് ഉപേക്ഷിക്കാനും തിന്മകളെ അനുകരിക്കാനുമുള്ള ഭ്രമമാണ് പെരുകി വരുന്നത് എന്നും കാണാം. രണ്ടുമതവിഭാഗങ്ങള്‍ക്കിടയിലും ഈ പ്രവണത ശക്തിപ്പെടുകയായി.

നബിനിന്ദ ആരോപിക്കപ്പെട്ടപ്പോഴുണ്ടായ പ്രതികരണങ്ങളും മാധ്യമങ്ങളോ പൊതുസമൂഹമോ ചര്‍ച്ചയാക്കിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. മുസ്ലിം സംഘടനാ നേതാക്കന്മാര്‍ മിക്കവരും പക്വമായ രീതിയിലാണ് പൊതുവേദികളില്‍ പ്രതികരിച്ചത്. തെറ്റുപറ്റിയതിന് ക്ഷമ പറഞ്ഞ സാഹചര്യത്തില്‍ പ്രതിഷേധം അവിടെ അവസാനിപ്പിക്കണമെന്ന നിലപാടാണ് പൊതുവെ സംഘടനകള്‍ എടുത്തത്. എന്നാല്‍, മിതവാദികള്‍ എന്ന ലേബല്‍ ഉള്ള  ഒരു മന്ത്രിതന്നെ സ്വന്തം സോഷ്യല്‍മീഡിയ പോസ്റ്റിലും പ്രസംഗങ്ങളിലും അങ്ങേയറ്റം അസഹിഷ്ണുത പ്രകടിപ്പിച്ചത് കണ്ട്് മിക്കവരും ഞെട്ടി?'സഹിക്കാനായില്ല. ...  മാതൃഭൂമി മാപ്പ് പറയണം. അത് ചെയ്ത റിപ്പോര്‍ട്ടറെ പുറത്താക്കണം' എന്നെഴുതി മന്ത്രി.. തിരഞ്ഞെടുപ്പ് അടുത്ത നാളുകളില്‍ മന്ത്രിയുടെ കണ്ണ് വോട്ടിലായിരുന്നു എന്നുമാത്രം പറയാം.

പുറമെ അക്രമാസക്തമായ പ്രതികരണങ്ങള്‍ ഉണ്ടായില്ലെന്നത് ശരി. എന്നാല്‍, മാതൃഭൂമിയെ സര്‍ക്കുലേഷന്‍ മുടക്കിയും പരസ്യം നിഷേധിച്ചും ശ്വാസം മുട്ടിക്കാനുള്ള ശ്രമങ്ങള്‍ മാസങ്ങള്‍ക്കു ശേഷവും ശക്തമായി തുടരുകയാണ്. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം എന്ന് പരസ്യമായി പറഞ്ഞ ചിലരെങ്കിലും ഈ ശ്രമങ്ങളുടെ പിന്നിലുണ്ടെന്ന് വ്യക്തം. അങ്ങേയറ്റം അസഹിഷ്ണുത നിറഞ്ഞ ഒരു കറുത്ത കാലത്തിലേക്ക്, പല പുത്തന്‍ ഇനം ഫാസിസപ്രവണതകളിലേക്ക്  ദൈവത്തിന്റെ സ്വന്തം നാട് കടന്നിരിക്കുന്നു എന്നതാണ് ഇതില്‍നിന്നെല്ലാമുള്ള വ്യക്തമായ സന്ദേശം. ഏറ്റവും ഒടുവില്‍ അപകടത്തില്‍ പെട്ട ബസ്സ് ആക്രമിക്കുന്നതിന്റെ പടം എടുത്തു എന്നതിന്റെ പേരില്‍ മാതൃഭൂമിയുടെ കോട്ടക്കല്‍ യൂണിറ്റിനു നേരെ നടന്ന ജനക്കൂട്ട ആക്രമണം പോലും ഒരു ഒറ്റപ്പെട്ട സംഭവമല്ല, സമീപകാലത്ത് ശക്തിപ്പെട്ട കൊടിയ വര്‍ഗീയതയുടെ ലക്ഷണമാണ് എന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്? തങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയില്ലെങ്കില്‍ ശരിപ്പെടുത്തും എന്ന വ്യക്തമായ സന്ദേശമാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിനുനേരെ ഭരണകൂടത്തില്‍ നിന്നല്ല, ജനങ്ങളിലെ ചില വിഭാഗങ്ങളില്‍നിന്നാണ് ഇപ്പോള്‍ വെല്ലുവിളി ഉയരുന്നതെന്നും വ്യക്തം. 

എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ശരിയും തെറ്റും അവര്‍ക്കറിയാഞ്ഞിട്ടല്ല. ചില പരസ്യപ്രസ്താവനകള്‍ക്കപ്പുറം ഒന്നും ചെയ്യാന്‍ ആരും തയ്യാറല്ല. നഷ്ടപ്പെടാന്‍ ഇടയുള്ള വോട്ടുകളെക്കുറിച്ച് കണക്കുകൂട്ടി വ്യാകുലപ്പെട്ട് മൗനം ദീക്ഷിക്കാനേ അവര്‍ക്ക് കഴിയൂ. ചിലര്‍ക്ക് വോട്ട് ബാങ്കുകളെക്കുറിച്ചാണ് ആശങ്ക, വേറെ ചിലര്‍ക്ക് സര്‍ക്കുലേഷന്‍ ബാങ്കുകളെക്കുറിച്ചാണ്, ഇനിയും ചിലര്‍ക്ക് പണബാങ്കുകളെക്കുറിച്ചാണ് ആശങ്ക. ചിലര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമോ എന്നതാണ് ഭയം....ഇത്രയൊക്കെയേ ഉള്ളൂ വ്യത്യാസം. 

 

Gautam Adani met YS Jagan in 2021, promised bribe of $200 million, says SEC

Activists call for FIR against cops involved in alleged “fake encounter” of Maoist

The Jagan-Sharmila property dispute and its implications on Andhra politics

The Indian solar deals embroiled in US indictment against Adani group

Maryade Prashne is an ode to the outliers of Bengaluru’s software gold rush