സ്വവർഗലൈംഗികത: ഹർജിക്കാർക്ക് വിജയപ്രതീക്ഷ അഞ്ചംഗബെഞ്ച് വാദം കേൾക്കും

സ്വവർഗലൈംഗികത: ഹർജിക്കാർക്ക് വിജയപ്രതീക്ഷ അഞ്ചംഗബെഞ്ച് വാദം കേൾക്കും
സ്വവർഗലൈംഗികത: ഹർജിക്കാർക്ക് വിജയപ്രതീക്ഷ അഞ്ചംഗബെഞ്ച് വാദം കേൾക്കും
Written by:
Published on

സ്വവർഗലൈംഗികത ക്രിമിനൽകുറ്റമാക്കുന്ന സെക്ഷൻ 377 റദ്ദ് ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജി ചൊവ്വാഴ്ച സുപ്രിം കോടതി ഒരു അഞ്ചംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. കോടതിയുടെ ഈ നീക്കം സ്വവർഗലൈംഗികത അവകാശത്തിനുവേണ്ടി വാദിക്കുന്നവരുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്. 

സെക്ഷൻ 377 സാധുവാക്കുന്ന സുപ്രിം കോടതിയുടെ നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്തുകൊണ്ട് സ്വവർഗലൈംഗികത അവകാശത്തിന് വേണ്ടി വാദിക്കുന്നവർ സമർപ്പിച്ച ക്യൂറേറ്റീവ് ഹർജി പരിഗണിക്കവേയാണ് കോടതി വിഷയം ഒരഞ്ചംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. 

സെക്ഷൻ 377 റദ്ദാക്കണമെന്നത്് സംബന്ധിച്ച് നിയമയുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കോടതി ഒറ്റയടിക്ക്് എട്ട് ക്യുറേറ്റീവ് ഹർജികളാണ് പരിഗണിക്കുന്നത്. 

സ്വവർഗലൈംഗികത കുറ്റമല്ലാതാക്കിയുള്ള 2009 ലെ ഡൽഹി ഹൈക്കോടതി വിധി 2013ൽ സുപ്രിം കോടതി റദ്ദാക്കിയിരുന്നു.

പ്രശ്‌നത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പാർലമെന്റിന്റെ ജോലിയാണെന്നും കോടതിക്ക് അതിൽ ഇടപെടാൻ അധികാരമില്ലെന്നുമായിരുന്നു അന്ന് വിധി പുറപ്പെടുവിക്കവേ സുപ്രിം കോടതി അഭിപ്രായപ്പെട്ടത്. ഉഭയസമ്മതത്തോടെയുള്ള സ്വവർഗലൈംഗികബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കുന്ന സെക്ഷൻ 377 സ്വകാര്യതയ്ക്കുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും സമത്വമെന്ന തത്ത്വത്തിനുമെതിരെയാണ് എന്നായിരുന്നു അന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞത്. 

ആണ്, പെണ്ണ്, മൃഗം തുടങ്ങിയവയുമായി പ്രകൃതിയുടെ സാമാന്യനിയമങ്ങൾക്കനുസൃതമല്ലാത്ത സ്വയംസന്നദ്ധതയോടെയുള്ള ലൈംഗികബന്ധത്തിലേർപ്പെടുന്നയാൾക്ക് പത്തുവർഷംവരെ ജീവപര്യന്തം വിധിക്കുന്ന നിയമം ബ്രിട്ടീഷ് ഗവൺമെന്റ് 1862-ലാണ് പ്രാബല്യത്തിലാക്കുന്നത്. ഇക്കാര്യത്തിലുള്ള കോടതിവിധിക്കെതിരെ സുപ്രിം കോടതി അടക്കമുള്ള നീതിപീഠങ്ങളെ സമീപിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ 136-ാംവകുപ്പ് അനുമതി നൽകുന്നുണ്ടെങ്കിലും ഭരണഘടനയിലോ ചട്ടങ്ങളിലോ ക്യൂറേറ്റീവ് ഹർജിയെക്കുറിച്ച് പരാമർശമില്ല. അശോക് ഹുറാ വേഴ്‌സസ് രൂപാ അശോക് ഹൂറാ കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഹർജിക്കാരന് സ്വാഭാവികനീതി നിഷേധിക്കപ്പെടുകയോ, ഹർജിക്കാരനെ ബാധിക്കും മട്ടിൽ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്ന് ആക്ഷേപമുണ്ടാകുകയോ ചെയ്താൽ ക്യൂറേറ്റീവ് ഹർജി ആകാമെന്ന് വന്നത്. ഒരു സീനിയർ അഭിഭാഷകന്റെ സർട്ടിഫിക്കറ്റ് ഇതിന് അനിവാര്യമാണ്. 

നാസും മറ്റും സമർപ്പിച്ച ഹർജി രണ്ടുനിലക്കും പരാജയപ്പെട്ടുവെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. സുപ്രിം കോടതിയുടെ അന്തിമവിധി മാറ്റിമറിക്കുന്നതിൽ ഇതുവരെ മൂന്ന് ക്യൂറേറ്റീവ് ഹർജികൾ മാത്രമാണ് വിജയം കണ്ടിട്ടുളളത്. 

ഇന്ത്യൻ നിയമവ്യവസ്ഥയിൽ താരതമ്യേന പുതിയ കണ്ടുപിടിത്തമായ ക്യൂറേറ്റീവ് പെറ്റീഷനുകൾ മാത്രമാണ് ആക്ടിവിസ്റ്റുകളെ സംബന്ധിച്ച് ഒരേയൊരു ഉപാധിയെന്ന് ദ ന്യൂസ്മിനുട്ടിനോട് അഭിഭാഷകനും ആക്ടിവിസ്റ്റുമായ ലോറൻസ് ലിയാങ് പറഞ്ഞു.

കേസിന്റെ നാൾവഴി

2001- പ്രായപൂർത്തിയായവർക്കിടയിൽ ഉഭയസമ്മതത്തോടെയുള്ള സ്വർഗലൈംഗികത സംബന്ധിച്ച് നിയമനിർമാണമാവശ്യപ്പെട്ട് നാസ് ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നു

2004 സെപ്തംബർ 2-- സ്വവർഗലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യഹർജി ഹൈക്കോടതി തള്ളിക്കളയുന്നു

സെപ്തംബർ 18- സ്വവർഗലൈംഗികാവകാശ പ്രവർത്തകർ റിവ്യൂ പെറ്റിഷൻ സമർപ്പിക്കുന്നു.

ഏപ്രിൽ 3 2006- കേസ് സുപ്രിം കോടതി ഹൈക്കോടതിക്ക് തന്നെ വിടുന്നു.

ഒക്ടോബർ 4- സ്വവർഗരതി കുറ്റകരമല്ലാതാക്കുന്നതിനെ എതിർത്തുകൊണ്ട് കേസിൽ കക്ഷി ചേരാൻ ബി.ജെ.പി നേതാവ് സിംഗാളിനെ അനുവദിക്കുന്നു.

സെപ്തംബർ 18, 2008- സ്വവർഗരതി സംബന്ധിച്ച് പരസ്പരവിരുദ്ധമായ നിലപാട് ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും സ്വീകരിച്ചതിനെ തുടർന്ന് പ്രശ്‌നത്തിൽ ഒരു സമീപനം കൈക്കൊള്ളുന്നതിന് കോടതിയിൽ കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെടുന്നു. ഹൈക്കോടതി ഗവൺമെന്റിന്റെ അപേക്ഷ നിരസിച്ച് കേസിൽ അന്തിമവാദം കേൾക്കാനാരംഭിക്കുന്നു.

സെപ്തംബർ 25-സദാചാരകാരണങ്ങൾ പറഞ്ഞ് സ്വവർഗരതിയെ കുറ്റകൃത്യമായി പ്രഖ്യാപിച്ച് മൗലികാവകാശങ്ങൾ ലംഘിക്കാൻ ഗവണ്മെന്റിന് കഴിയില്ലെന്ന വാദം സ്വവർഗരതി അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ കോടതിയിൽ ഉന്നയിക്കുന്നു

സെപ്തംബർ 26- ആരോഗ്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും പരസ്പരവിരുദ്ധമായ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ കോടതി ഇരട്ടനാക്കുകൊണ്ട് സംസാരിച്ചതിന് ഗവൺമെന്റിനെ വിമർശിക്കുന്നു.

ഒക്ടോബർ 15 2008- മതഗ്രന്ഥങ്ങളെ മ്ാത്രം ആശ്രയിച്ച് സ്വവർഗരതി നിരോധനത്തെ ഗവൺമെന്റ് ന്യായീകരിക്കുന്നതിനെ ഹൈക്കോടതി വിമർശിക്കുന്നു. ശാസ്ത്രീയമായ റിപ്പോർട്ടുകൾ ആവശ്യപ്പെടുന്നു.

നവംബർ- പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമമായി തീരുമാനമെടുക്കേണ്ടത് എന്നതിനാൽ കോടതി ഈ പ്രശ്‌നത്തിൽ ഇടപെടരുത് എന്ന് ഹൈക്കോടതിയിൽ രേഖാമൂലം അറിയിക്കുന്നു.

നവംബർ 7- സ്വവർഗരതി കുറ്റകരമല്ലാതാക്കാൻ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് മാറ്റിവെയ്ക്കുന്നു.

2009 ജൂലൈ 2: ഹർജികളിൽ വാദം കേട്ട ഹൈക്കോടതി പ്രായപൂർത്തിയായവരുടെ ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കുന്നു.

ജൂലൈ 9- ഡൽഹിയിലെ ഒരു ജ്ൗതിഷി ഹൈക്കോടതി വിധിയെ സുപ്രിം കോടതിയിൽ ചോദ്യം ചെയ്യുന്നു.

പിന്നീട് ബാബാരാംദേവിന്റെ അനുയായികൾ, ബി.ജെ.പി നേതാവ് സിംഗാൾ, വിവിധ മതസംഘടനകൾ, പൗരാവകാശപ്രവർത്തകർ തുടങ്ങിയവരും വിധിയെ എതിർക്കുന്നു.

2012, ഫെബ്രു 15- സുപ്രിംകോടതി കേസിൽ വാദം കേൾക്കുന്നു

മാർച്ച് 27- സുപ്രിം കോടതി വിധി പറയുന്നത് മാറ്റിവെയ്ക്കുന്നു.

2013 ഡിസംബർ 11-സ്വവർഗരതിയെ കുറ്റകൃത്യമല്ലാതാക്കിയ ഡൽഹി ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളിക്കളയുന്നു.

Related Stories

No stories found.
The News Minute
www.thenewsminute.com