മലയാളസിനിമയുടെ പൊയ് മുഖങ്ങൾ വെളിവാക്കിയ ഒരു കുറ്റകൃത്യത്തിന്റെ നാൾ വഴികൾ
മലയാളസിനിമയുടെ പൊയ് മുഖങ്ങൾ വെളിവാക്കിയ ഒരു കുറ്റകൃത്യത്തിന്റെ നാൾ വഴികൾഇല്ലസ്ട്രേഷൻ - ശ്യാംഭവി താക്കൂർ

മലയാളസിനിമയുടെ പൊയ് മുഖങ്ങൾ വെളിവാക്കിയ ഒരു കുറ്റകൃത്യത്തിന്റെ നാൾ വഴികൾ

ഫെബ്രുവരി 17, 2017. കേരളത്തിലെ ഒരു പ്രമുഖ നടിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി ലൈംഗികമായ പീഡനത്തിന് ഇരയാക്കിയ ദിവസം. കേരളത്തെ നടുക്കിയ ആ ലൈംഗികാക്രമണം സിനിമാ മേഖലയിലെ ഹീനമായ പല യാഥാർത്ഥ്യങ്ങളെയും പുറത്ത് കൊണ്ടുവന്നതെങ്ങനെ എന്ന് അന്വേഷിക്കുകയാണ് നിധി സുരേഷ്, 11 ഭാഗങ്ങളുള്ള ഈ റിപ്പോർട്ടിലൂടെ
Published on

1.

ഒന്നും പേഴ്സണലല്ല


മുഖവുരയില്ലാതെ മണികണ്ഠൻ പറഞ്ഞു തുടങ്ങി.

“ഞാനാണ് മൂന്നാം പ്രതി. അവനവരോട് ചെയ്തതൊക്കെ ഞാൻ കണ്ടുനിന്നതേയുള്ളു, അല്ലാതെ ഞാനൊന്നും...”

ഫെബ്രുവരിയിലെ കൊടുംചൂടിൽ കൊച്ചി ഉരുകുന്ന ഒരു ദിവസം രാവിലെയാണ് ഞാൻ മണിയെ കണ്ടത്. ഓട്ടോറിക്ഷ ഒരിടത്ത് നിർത്തി, മുണ്ടൊന്ന് മടക്കിക്കുത്തി അയാൾ എന്നെ സൂക്ഷിച്ചുനോക്കി. ഒരു റസ്റ്ററൻ്റിൽ പോയിരുന്ന് സംസാരിക്കാമെന്ന് ഞാൻ പറഞ്ഞു.

ആറടിയോളം പൊക്കമുണ്ട് മണിക്ക്. കാക്കി യൂണിഫോം കൈകളിൽ ഇറുകിപ്പിടിച്ച് കിടക്കുന്നു. രണ്ട് കാതും കുത്തിയിട്ടുണ്ട്, ഓരോന്നിലും തിളങ്ങുന്ന മൂന്ന് കമ്മലുകൾ. നല്ല വലിപ്പമുള്ള ഒരു വെള്ളിമാല കഴുത്തിലും. വാട്ട്സാപ്പിൻ്റെ പ്രൊഫൈൽ ഫോട്ടോയിൽ മണിയുടെ തോളിൽ ഒരു പരുന്തുണ്ട്, ക്യാമറയിലേയ്ക്ക് രൂക്ഷമായി നോക്കുന്ന ഒരു പരുന്ത്.

രണ്ട് ചെറിയ കുട്ടികളുണ്ട് മണിക്ക്. ഓട്ടോറിക്ഷയുടെ ഹാൻഡിൽ ബാറിനടുത്തുള്ള ഫോട്ടോയിൽ ഒരു വർഷം മുൻപ് മരിച്ച അമ്മയെ കാണാം.

റസ്റ്ററൻ്റിലേയ്ക്ക് നടക്കുമ്പോൾ ഞങ്ങൾ നേരത്തെ പരിചയക്കാരാണെന്ന മട്ടിൽ മണി സംസാരിക്കാൻ തുടങ്ങി. “ഇപ്പോൾ ഞാൻ ആളുകൾക്ക് ഒരുപാട് ഉപദേശം കൊടുക്കാറുണ്ട്, നിങ്ങൾക്കും തരാം – വഴിയിൽ ഒരാൾ മരിക്കാറായി കിടക്കുന്നതുകണ്ടാൽ പോലും സഹായിക്കരുത്, ഞാൻ ചെയ്യില്ല.”

അവിടെ ചെന്നിരുന്നപ്പോൾ ഞാനും എന്തെങ്കിലും കഴിക്കണമെന്ന് മണിക്ക് നിർബന്ധം. “നിങ്ങളോട് സംസാരിക്കാനുള്ള ധൈര്യം തന്നത് എൻ്റെ ഭാര്യയാണ്,” അയാൾ പറഞ്ഞു.

ഇന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു ലൈംഗികാതിക്രമ കേസിൽ അഞ്ചു വർഷത്തോളം ജയിലിൽ കിടന്ന മണി 2021-ലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. മണിയും മറ്റഞ്ചുപേരും ചേർന്ന് ഒരു പ്രശസ്ത സിനിമാനടിയെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്നും അവരെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പക്ഷേ കുറ്റകൃത്യം നടന്ന സ്ഥലത്ത് അയാൾ ഉണ്ടായിരുന്നെന്ന് സമ്മതിക്കുമ്പോഴും, താൻ ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലെന്നാണ് മണിയുടെ അവകാശവാദം.

മലയാളസിനിമാരംഗത്തെ ചില പ്രമുഖർ ഉൾപ്പെട്ട ഈ കുറ്റകൃത്യം നടന്നത് ഫെബ്രുവരി 17, 2017 രാത്രിയിലാണ്. ദക്ഷിണേന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ നടി ഗായത്രിയാണ് (യഥാർത്ഥ പേരല്ല) അക്രമത്തിനിരയായത്. ഹീനമായ ഈ കുറ്റകൃത്യത്തിന് ചരടു വലിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തി ഒരു സൂപ്പർതാരവും – ദിലീപ്.

ഏഴ് വർഷങ്ങൾക്ക് മുൻപ്, പെട്ടെന്ന് ജീവിതം മെച്ചപ്പെടുത്താൻ തീരുമാനിച്ചിറങ്ങിയ ഒരാളായിരുന്നു മണി. അന്നയാൾ അതിനൊരു വഴിയേ കണ്ടിരുന്നുള്ളു. സ്വന്തം നാടായ കൊച്ചിയിലെ പവർ സർക്കിളുകളുമായി ബന്ധം സ്ഥാപിക്കണം.

കേരളത്തിൻ്റെ രാഷ്ട്രീയകേന്ദ്രം തിരുവനന്തപുരമാണെങ്കിലും മലയാള സിനിമാലോകത്തിൻ്റെ ഗ്ലാമർ കാപ്പിറ്റൽ കൊച്ചിയാണ്.

ഒരു നഗരമാവാൻ കിണഞ്ഞു പരിശ്രമിക്കുന്നൊരു നഗരം – ഒരു സുഹൃത്ത് കൊച്ചിയെ എനിക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. 

ഇവിടെ എല്ലാവർക്കും ആരൊക്കെയോ ആയി മാറണം. ഓരോരുത്തരും അഭിനേതാക്കളോ കഥാകൃത്തുകളോ ആണ്. അല്ലെങ്കിൽ അവരുടെ സുഹൃദ്‌വലയങ്ങളിൽ ഒരു കഥാകൃത്തോ അഭിനേതാവോ ഉണ്ടാവും. 

മണിയുടെ ആഗ്രഹങ്ങൾ അവനെയെത്തിച്ചതും സിനിമാലോകത്ത് തന്നെ. 2014 ആയപ്പോഴേയ്ക്കും നിർമ്മാതാക്കളുടെയും നടീനടന്മാരുടെയും ഡ്രൈവറായി ജോലിനേടിയ മണിക്ക് ഒട്ടേറെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഡ്രൈവർമാരും, കലാകാരന്മാരും, സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് പലരും. മണി അവർക്കൊപ്പം യാത്ര ചെയ്തു, രാത്രികൾ ചെലവഴിച്ചു, ഒരുമിച്ച് മദ്യപിച്ചു.

ഇപ്പോൾ അവരുമായി അടുപ്പമില്ല മണിക്ക്. “ഞാൻ രാവിലെ എഴുന്നേൽക്കും, ജോലിക്ക് പോകും, തിരിച്ച് വീട്ടിലെത്തും,” മണി പറഞ്ഞു. “പിന്നെ, ആരെയും സഹായിക്കരുതെന്ന് സ്വയം ഓർമപ്പെടുത്തും.”

“എന്താണങ്ങനെ?” ഞാൻ ചോദിച്ചു.

ഫെബ്രുവരി 17, 2017. അന്ന് രാത്രി ഏഴ് മണിക്കായിരുന്നു എല്ലാത്തിൻ്റെയും തുടക്കം, മണി പറഞ്ഞു. അയാളുടെ ഫോണിലേക്കു ഒരു കോൾ വന്നു. “ആ കോൾ ഞാനൊരിക്കലും എടുക്കരുതായിരുന്നു.”

2017 ഫെബ്രുവരി 17ന് രാത്രി ഏഴുമണിയോടെയാണ് പൾസർ സുനി മണിയെ വിളിച്ചത്
2017 ഫെബ്രുവരി 17ന് രാത്രി ഏഴുമണിയോടെയാണ് പൾസർ സുനി മണിയെ വിളിച്ചത്ഇല്ലസ്ട്രേഷൻ - ശ്യാംഭവി താക്കൂർ

വിളിച്ചത് സുനിലാണ്. പൾസർ സുനി എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന സുനിൽ. സിനിമാ ഫീൽഡിലെ മറ്റൊരു ഡ്രൈവർ. ബജാജിൻ്റെ പൾസർ ബൈക്കുകൾ മാത്രം മോഷ്ടിച്ച ‘പ്രശസ്തി’ കാരണമാണ് അയാൾക്കീ പേരു വീണതെന്നാണ് ഞാൻ ഇൻ്റർവ്യൂ ചെയ്ത പലരും പറഞ്ഞത്. ബൈക്കുകളോടുള്ള ഇഷ്ടം കൊണ്ടുമാത്രം കിട്ടിയ പേരാണെന്ന് സുനിയുടെ അമ്മയും.

ബജാജിൻ്റെ പൾസർ ബൈക്കുകളാണ് പൾസർ സുനി മോഷ്ടിച്ചത്.
ബജാജിൻ്റെ പൾസർ ബൈക്കുകളാണ് പൾസർ സുനി മോഷ്ടിച്ചത്.ഇല്ലസ്ട്രേഷൻ - ശ്യാംഭവി താക്കൂർ

ആ രാത്രി ഒരു ടെമ്പോ ട്രാവലർ എത്തിക്കാനുണ്ട്, കൂടെ വരണം എന്ന് ആവശ്യപ്പെട്ടാണ് പൾസർ സുനി വിളിച്ചത്, മണി തുടർന്നു. അങ്കമാലിയിലെ ആഡ്ലക്‌സ് കൺവൻഷൻ സെൻ്ററിലേയ്ക്ക് മണിയുടെ വീട്ടിൽ നിന്ന് ഏകദേശം 20 മിനിറ്റ് ദൂരത്തിലാണ്. അവിടെയെത്തിയപ്പോൾ സുനി കാത്തു നിൽക്കുന്നുണ്ടായിരുന്നു. കൂടെ മറ്റൊരു സുഹൃത്തും, അയാളും ഡ്രൈവറാണ്.

സുനി ആകെ അസ്വസ്ഥനാണെന്ന കാര്യം മണിക്ക് പെട്ടെന്നുതന്നെ മനസ്സിലായി. “അവൻ അങ്ങോടുമിങ്ങോട്ടും നടന്ന്, ഇടയ്ക്കിടയ്ക്ക് ആർക്കോ മെസ്സേജ് അയക്കുകയായിരുന്നു…”

അതേ സമയം, ഏകദേശം 90 കിലോമീറ്റർ അകലെ, മാർട്ടിൻ ആൻ്റണിയുടെ ഫോണും തിരക്കിലായിരുന്നു. സിനിമാ മേഖലയിൽ ഡ്രൈവറാണ് മാർട്ടിനും. തൃശ്ശൂരിൽ താമസിക്കുന്ന ഗായത്രി കൊച്ചിയിലേയ്ക്കുള്ള യാത്രയിലായിരുന്നു, റിലീസാകാൻ പോകുന്ന ഒരു സിനിമയുടെ പ്രൊമോഷണൽ ഗാനത്തിൻ്റെ റെക്കോർഡിങ്ങിന് വേണ്ടി. രാത്രി ഏഴ് മണിയോടെ ഗായത്രിയെ പിക്ക് ചെയ്ത കാറോടിക്കുകയായിരുന്നു മാർട്ടിൻ. 

ഇപ്പുറത്ത്, എട്ടരയോടെ രണ്ടുപേർ കൂടി പൾസർ സുനിക്കൊപ്പം ചേർന്നു. അവരും ഡ്രൈവർമാർ തന്നെ. അടുത്തെത്താറാകുമ്പോൾ മാർട്ടിൻ അറിയിക്കും, അതിന് കാത്തുനിൽക്കുകയാണെന്ന് സുനി മണിയോട് പറഞ്ഞു.

സിനിമയാൽ മാത്രം ബന്ധിക്കപ്പെട്ടിരുന്ന ഏഴുപേരുടെ — ഗായത്രി, പൾസർ സുനി, മണി, മാർട്ടിൻ, സലീം, പ്രദീപ്, വിജേഷ് — ജീവിതങ്ങളാണ് അടുത്ത രണ്ടു മണിക്കൂറുകൾ എന്നെന്നേക്കുമായി മാറ്റിമറിച്ചത്. പക്ഷേ ഗായത്രിയുടെ കാര്യത്തിൽ മാത്രം അത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ല.

ഗായത്രിയുടെ ഡ്രൈവർ മാർട്ടിൻ്റെ കോളിനായി അഞ്ചുപേരും അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെൻ്ററിനു സമീപം കാത്തുനിന്നു.
ഗായത്രിയുടെ ഡ്രൈവർ മാർട്ടിൻ്റെ കോളിനായി അഞ്ചുപേരും അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെൻ്ററിനു സമീപം കാത്തുനിന്നു.ശാംഭവി താക്കൂർ

ഇക്കഴിഞ്ഞ ആറ് മാസങ്ങളിൽ, ദ് ന്യൂസ് മിനിറ്റ് ഈ കേസുമായി ബന്ധപ്പെട്ട് ലഭ്യമായ കോടതിരേഖകളുടെ 900-ലേറെ പേജുകൾ പരിശോധിക്കുകയും, മുപ്പതോളം വ്യക്തികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിൽ മലയാള സിനിമാരംഗത്തെ നടീനടന്മാരും, സംവിധായകരും, നിർമ്മാതാക്കളും, സാങ്കേതികവിദഗ്ധരും, പുറമേ പൊലീസ് ഉദ്യോഗസ്ഥരും, ദിലീപ് ഉൾപ്പെടെ പ്രതിപ്പട്ടികയിലുള്ളവരുമുണ്ട്. 

ആ രാത്രിയും, അതിലേക്ക് നയിച്ചെന്ന് പറയപ്പെടുന്ന കാര്യങ്ങളും, പിന്നീടുണ്ടായ സംഭവവികാസങ്ങളും, എങ്ങനെയാണ് മലയാള സിനിമയിൽ ഒരു മറനീക്കലിന് തുടക്കം കുറിച്ചത് എന്ന് മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഈ റിപ്പോർട്ട്‌. ആ അന്വേഷണത്തിൻ്റെ കേന്ദ്ര കഥാപാത്രങ്ങൾ ഇവരായിരുന്നു - അധികാര ലഹരിയിൽ ഭ്രമിച്ച ഒരു സൂപ്പർതാരവും, നിശ്ശബ്ദയായിരിക്കാൻ വിസമ്മതിച്ച ഒരു നടിയും, പിന്നെ ആറ് വാടക കുറ്റവാളികളും.

ഈ കഥ പക്ഷേ അവരിൽ അവസാനിക്കുന്നില്ല.

ഇൻഡസ്ട്രിയിൽ വ്യക്തിത്വവും നിലപാടുകളുമുള്ള ഒരുപാട് സ്ത്രീകൾ ഈ വിഷയത്തിൽ സഹപ്രവർത്തകയ്ക്കൊപ്പം ചേർന്നുനിന്നു. അതേ സമയം, ശക്തിയും സ്വാധീനവുമുള്ള ഒരു പറ്റം നടന്മാർ പരസ്പര രക്ഷകരാകാൻ തുനിഞ്ഞിറങ്ങി. ഈ സാഹചര്യത്തിൽ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായെങ്കിലും ഇതിൽ പലതും പിന്നീട് മൂടിവയ്ക്കപ്പെടുകയാണുണ്ടായത്.

അന്ന് മാധ്യമങ്ങളിൽ തുടരെ വന്ന വാർത്തകൾ ആളുകളെ ചിന്താക്കുഴപ്പത്തിലാക്കി. കേൾക്കുന്ന കഥകൾ പലതരമായിരുന്നു. ഒരു നായകനെ അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ച കേസാണോ ഇത്? അതോ തന്നെ അപമാനിതനാക്കി എന്ന് തോന്നിയ ഒരു സ്ത്രീയോട് അയാൾ പകവീട്ടിയതാണോ?

ഫെബ്രുവരി 17, 2017, രാത്രി ഒൻപത് മണിക്കാണ് ഗായത്രിയുടെ കാർ അങ്കമാലിയിൽ കാത്തിരുന്ന സംഘത്തെ കടന്നുപോയത്. അപ്പോഴേയ്ക്കും പൾസർ സുനിയുടെ ഫോണിൽ മാർട്ടിൻ്റെ മെസ്സേജെത്തി. അതായിരുന്നു സിഗ്നൽ.

പൾസർ സുനി ടെമ്പോ സ്റ്റാർട്ട് ചെയ്തതും, മണി ഉൾപ്പെടെ നാലുപ്പേരും അതിൽ കയറി. എതാനും മിനിറ്റുകൾക്കുള്ളിൽ സുനി ആ ടെമ്പോ ഗായത്രിയുടെ കാറിൽ ചെന്നിടിപ്പിച്ചു.

പുറത്തിറങ്ങിയ മണി കാർ ഡ്രൈവറായ മാർട്ടിനോട് ക്ഷമ പറഞ്ഞു. അന്ന് മാർട്ടിനെ പരിചയമില്ലായിരുന്നെന്നാണ് മണി അവകാശപ്പെടുന്നത്.

“കാറിലുള്ള മാഡത്തിനോട് പറയ്,” എന്നാണ് മാർട്ടിൻ മണിയോട് പറഞ്ഞത്.

പൾസർ സുനിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ വിജേഷായിരുന്നു. അയാൾ പെട്ടെന്ന് കാറിൻ്റെ പിൻസീറ്റിൽ ചാടിക്കയറി. മണിയോടും കയറാൻ പറഞ്ഞു. “അകത്ത് ഗായത്രിയെ കണ്ട് ഞാൻ ശരിയ്ക്കും ഞെട്ടി,” മണി പറഞ്ഞു. “അവരെ അതിനുമുൻപ് സ്ക്രീനിൽ മാത്രമേ ഞാൻ കണ്ടിരുന്നുള്ളു.”

ഒട്ടേറെ അവാർഡുകൾ നേടിയിട്ടുള്ള നടിയാണ് ഗായത്രി. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം 90-ലേറെ. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിൽ പരിചിതമായ മുഖമാണ് ഗായത്രിയുടേത്.

“അവരെ മനസ്സിലായില്ലേ എന്ന് അവരെന്നോട് ചോദിച്ചു. എനിക്കത് കേട്ട് ചിരിവന്നു. പിന്നല്ലാതെ, മാഡത്തിനെ അറിയാത്തത്, ഞാൻ പറഞ്ഞു.” അന്നത്തെ സംഭാഷണം ഓർത്തുപറയുമ്പോൾ മണിയുടെ മുഖത്ത് ചിരി.

ആദ്യത്തെ ഞെട്ടൽ മാറിയതും കാര്യങ്ങളുടെ പോക്ക് ശരിയല്ല എന്ന് തനിക്ക് തോന്നിയെന്നാണ് മണി അവകാശപ്പെടുന്നത്. ഗായത്രിയുടെ രണ്ടുവശത്തുമായി ഇരിക്കുകയാണ് മണിയും വിജേഷും, കാറോടിക്കുന്നത് മാർട്ടിനും. അവർ നാലുപേരുമാണ് കാറിലുണ്ടായിരുന്നത് - ഗായത്രി, മാർട്ടിൻ, മണി, വിജേഷ്.

ഗായത്രി പിന്നീട് പൊലീസിനോട് പറഞ്ഞതനുസരിച്ച്, ആക്സിഡൻ്റുണ്ടായതിൻ്റെ ദേഷ്യത്തിൽ മാർട്ടിനോട് സംസാരിക്കാൻ വേണ്ടിയാണ് ഇവർ കാറിൽ കയറിയതെന്നാണ് ഗായത്രി ആദ്യം കരുതിയത്. പക്ഷേ, അവർ ബലം പ്രയോഗിച്ച് ഗായത്രിയെ പിടിച്ചുവയ്ക്കുകയായിരുന്നു.

കാറിനെ പിന്തുടരുന്ന ടെമ്പോയിലായിരുന്നു പൾസർ സുനിയും മറ്റ് രണ്ടുപേരും.

മാർട്ടിൻ ഡ്രൈവ് ചെയ്യാൻ തുടങ്ങിയപ്പോൾ മണിയും വിജേഷും ഗായത്രിയുടെ അരികിലായി.
മാർട്ടിൻ ഡ്രൈവ് ചെയ്യാൻ തുടങ്ങിയപ്പോൾ മണിയും വിജേഷും ഗായത്രിയുടെ അരികിലായി.ശാംഭവി താക്കൂർ

എന്താണ് സംഭവിക്കുന്നതെന്ന് എനിക്കപ്പോൾ മനസ്സിലായിരുന്നില്ല, മണി പറഞ്ഞു. “ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. ഞങ്ങളെന്തിനാണ് കാറിൽ കയറിയത്? എല്ലാവരും വളരെ ശാന്തരാണല്ലോ, അതെന്താ അങ്ങനെ?”

എപ്പോഴോ ഗായത്രി ചോദിച്ചു, “കാറ് പ്രൊഡക്ഷൻ ഹൗസിലേയ്ക്കല്ലല്ലോ പോകുന്നത്?” ആരും മറുപടി പറഞ്ഞില്ല.

കുറച്ചുകഴിഞ്ഞപ്പോൾ രണ്ടുവണ്ടികളും നിന്നു. ഗായത്രിയൊഴികെ എല്ലാവരും ദാഹം മാറ്റാൻ വെള്ളം കുടിച്ചു, സീറ്റുമാറിയിരുന്നു.

മാർട്ടിനും വിജേഷും ടെമ്പോയിൽ കയറി, മണി ഗായത്രിയുടെ കാറിൻ്റെ ഡ്രൈവറായി. പൾസർ പിൻസീറ്റിൽ ഗായത്രിയുടെ അടുത്തിരുന്നു. കാറിലിപ്പോൾ മൂന്നുപേരെ ഉണ്ടായിരുന്നുള്ളു - മണി, പൾസർ സുനി, ഗായത്രി. കുറച്ചുനേരത്തേയ്ക്ക് എല്ലാവരും നിശ്ശബ്ദരായി, മണി പറഞ്ഞു.

കൊച്ചിയിലെ തിരക്കേറിയ ദേശീയപാതയിലാണ് രണ്ട് വാഹനങ്ങളും യാത്ര ചെയ്തുകൊണ്ടിരുന്നത്.

പൾസർ സുനി മുഖം മറച്ചിരുന്നു, അയാളുടെ കണ്ണുകൾ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു. മണിയും സുനിയും കാറിൽ കയറിപ്പോൾ ഗായത്രി ചോദിച്ചു, “സുനിയല്ലേ?” ഒരു മാസം മുൻപ് ഗോവയിൽ ഷൂട്ടിംഗ് നടന്നപ്പോൾ സുനിയായിരുന്നു ഗായത്രിയുടെ ഡ്രൈവർ, അങ്ങനെയാണ് സുനിയെ തിരിച്ചറിഞ്ഞതെന്നാണ് ഗായത്രി പിന്നീട് പൊലീസിനോട് പറഞ്ഞത്.

“ഇനിയിപ്പോൾ ഞാൻ മുഖം മറക്കണ്ടല്ലോ,” എന്നുപറഞ്ഞ് പൾസർ സുനി മാസ്ക് മാറ്റിയെന്ന് മണി പറയുന്നു.

റിയർവ്യൂ കണ്ണാടിയിലൂടെയാണ് മണി എല്ലാം കണ്ടുകൊണ്ടിരുന്നത്.

ക്ഷോഭരഹിതനായാണ് സുനി ഗായത്രിയോട് സംസാരിച്ചത്. “അതേയ്, നിങ്ങളെ ഫോളോ ചെയ്ത് വന്നതുതന്നെയാണ്. ഇതൊരു കൊട്ടേഷനാണ്.”

കൊട്ടേഷനെന്നാൽ അർത്ഥം പണം നൽകി ചെയ്യിക്കുന്ന കുറ്റകൃത്യമെന്നാണ്. വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലല്ല ഇതെന്ന് ഗായത്രിയോട് വ്യക്തമാക്കുകയായിരുന്നു സുനി.

ആരുടെ കൊട്ടേഷനാണെന്ന് ചോദിച്ചു ഗായത്രി. സുനി അതിന് മറുപടി നൽകിയില്ല. പകരം പറഞ്ഞത് ഗായത്രിയുടെ ഒരു ഫോട്ടോ എടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാത്രം. നഗ്നശരീരത്തിന്മേൽ എൻഗേജ്മെൻ്റ് റിംഗ് കാണുന്ന രീതിയിൽ ഒരു ഫോട്ടോ. “ഗൂഢാലോചന നടത്തിയയാൾക്ക് ആക്രമിക്കപ്പെട്ടത് ഗായത്രി തന്നെയാണെന്ന് തെളിവായി കൊടുക്കാനായിരുന്നു ഫോട്ടോ,” മണി എന്നോട് വിശദീകരിച്ചു.

വീട്ടിലെത്തിയാൽ ഫോട്ടോയെടുത്ത് അയക്കാമെന്ന് പറഞ്ഞ് അക്കാര്യത്തിലൊരു ധാരണയുണ്ടാക്കാൻ ഗായത്രി ശ്രമിച്ചെന്നും മണി പറയുന്നു. പക്ഷേ, സുനി ഗായത്രിയോട് പറഞ്ഞു, “നിങ്ങളത്ര ബുദ്ധിമുട്ടണമെന്നില്ല. ഞങ്ങൾ തന്നെ ഫോട്ടോ എടുത്തോളാം.”

എന്തുകൊണ്ടാണ് ഗായത്രി കാറിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കാതിരുന്നത്? ഈ ചോദ്യം ഇടയ്ക്ക് മനസ്സിൽ വരാറുണ്ടെന്ന് മണി എന്നോട് പറഞ്ഞു. വർഷങ്ങൾക്ക് ശേഷം, കോടതിയിൽ വിസ്താരം തുടങ്ങിയപ്പോൾ ഗായത്രി അന്നത്തെ രാത്രിയിലെ കാര്യങ്ങൾ ഓർമിച്ചുപറഞ്ഞതും മണിയെ ഞെട്ടിച്ചു.

“ആ ടെമ്പോ ട്രാവലറിൻ്റെ നമ്പറുൾപ്പെടെ ചെറിയ ചെറിയ കാര്യങ്ങൾ വരെ അവർ ഓർമിച്ചുപറഞ്ഞു. ഞങ്ങളവരെ കൊന്ന് എവിടെയെങ്കിലും തള്ളിയിരുന്നെങ്കിലോ? അപ്പോൾ ഈ കാര്യങ്ങളൊക്കെ ഓർത്തുവച്ചിട്ട് വല്ല കാര്യവുമുണ്ടോ,” മണി ചോദിച്ചു.

തന്നെ ആക്രമിച്ച ആളുകളെ കീഴ്‌പ്പെടുത്താനുള്ള ശക്തിയില്ലാതെപോയത് ഗായത്രിയുടെ കുറ്റമാണെന്ന മട്ടിലായിരുന്നു മണിയുടെ സംസാരം. അത് ചെയ്യുന്നതിനുപകരം അവരെ കുറ്റവാളികളാക്കാൻ തെളിവ് നൽകുന്ന വസ്തുതകൾ ഗായത്രി ഓർത്തുവച്ചത്രേ.

പൊലീസിനുനൽകിയ മൊഴിയിൽ ഗായത്രി പറയുന്നുണ്ട്, വിട്ടയക്കാൻ വേണ്ടി അപേക്ഷിച്ചപ്പോൾ സുനി അക്ഷമനായെന്ന്. ബഹളമുണ്ടാക്കിയാൽ ഒരു ഫ്ലാറ്റിലേയ്ക്ക് കൊണ്ടുപോകും, അവിടെ കുറെ ആണുങ്ങൾ കാത്തിരിക്കുന്നുണ്ട്, കൂട്ടമായി ബലാൽസംഗം ചെയ്യും എന്നായിരുന്നു ഭീഷണി. അതോടെ ഗായത്രി മരവിച്ചപോലെയായി. സംഭവിക്കാൻ പോകുന്നത് എങ്ങനെയെങ്കിലും സഹിക്കുക, സുരക്ഷിതമായി എത്രയും പെട്ടെന്ന് കാറിൽ നിന്ന് പുറത്തുകടക്കുക എന്ന ഒരേയൊരു വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു എന്നാണ് ഗായത്രി പൊലീസിനോട് പറഞ്ഞത്.

താൻ സുനിയോട് ചോദ്യങ്ങൾ ചോദിച്ചതും ആ നേരത്താണെന്ന് മണി പറയുന്നു. പിന്നെയുണ്ടായത് വലിയ ബഹളമാണ്. “സുനി എന്നെ ഭീഷണിപ്പെടുത്തി. ഞാൻ ആരുമല്ലെന്ന് ഓർമപ്പെടുത്തി. കുടുംബത്തിനെക്കുറിച്ചോർത്ത് ഞാൻ മിണ്ടാതിരുന്നു.”

പിന്നീട് സുനി ഗായത്രിയുടെ നേരെ തിരിഞ്ഞു. “ഇനി നീ ഞാൻ പറയുന്നതുപോലെ ചെയ്യ്.”

എന്നിട്ടയാൾ ഗായത്രിയെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങി. എട്ട് വീഡിയോകളായി അത് റെക്കോഡും ചെയ്തു.

(ആ ലൈംഗിക പീഡനത്തിൻ്റെ വിശദാംശങ്ങളിലേയ്ക്ക് TNM കടക്കുന്നില്ല. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് അന്ന് നടന്നത് ബലാൽസംഗമാണ്.)

വെറുമൊരു കാഴ്ചക്കാരൻ മാത്രമായിരുന്നു താൻ എന്ന് മണി അവകാശപ്പെടുന്നു, പൊലീസിൻ്റെ കണ്ടെത്തൽ മറ്റൊന്നാണെങ്കിലും. ആ രാത്രിയിലെ ഗൂഢപദ്ധതിയെ കുറിച്ച് മണിക്കറിവുണ്ടായിരുന്നുവെന്ന് മാത്രമല്ല, ഗായത്രിയെ കാറിൽ പിടിച്ചിരുത്താൻ അയാൾ ബലവും പ്രയോഗിച്ചു എന്നാണ് പൊലീസ് പക്ഷം.

അന്ന് പൾസർ സുനി കാറിൽ നിന്നിറങ്ങിയപ്പോൾ താൻ തിരിഞ്ഞു ഗായത്രിയെ നോക്കിയിരുന്നെന്ന് മണി പറയുന്നു. “ചേച്ചി, ഒന്നും തോന്നരുത്, എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല.”

ഗായത്രിയുടെ ഫോൺ വാങ്ങി, തൻ്റെ നമ്പർ അതിൽ ചേർത്ത് എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞെന്ന് മണി. (മണി സോറി പറഞ്ഞത് ഗായത്രിക്ക് ഓർമയുണ്ട്, പക്ഷേ, അയാൾ നമ്പർ കൊടുത്തില്ലെന്ന് ഗായത്രി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.)

അതിനു ശേഷം മണിയും കാറിൽ നിന്നിറങ്ങി.

മാർട്ടിൻ വീണ്ടും ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി, അവിടെ നിന്ന് ഗായത്രിയുമായി കാർ നീങ്ങി. ഒരു സുഹൃത്തിൻ്റെ വീട്ടിലാണ് ഗായത്രിയെ മാർട്ടിൻ ഇറക്കിയത്.

2.

അന്വേഷണം തുടങ്ങുന്നു


അടുത്ത ദിവസം കേരളം ഉറക്കമുണർന്നത് ആ നടുക്കുന്ന വാർത്ത കേട്ടാണ് - രാത്രി ഒരു നടിയെ, അവർ യാത്ര ചെയ്തിരുന്ന കാറിൽ തട്ടിക്കൊണ്ടുപോയി, നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ബാക് സീറ്റിൽ കുറച്ചുപേർ ലൈംഗികമായി പീഡിപ്പിച്ചു.

ആ നടിയെ താരമാക്കിയ നഗരത്തിലാണ് ഇത് സംഭവിച്ചത്. അതും ആളൊഴിഞ്ഞ ഒരിടത്തോ അസമയത്തോ അല്ല. തിരക്കേറിയ റോഡിൽ, മിന്നിനിൽക്കുന്ന സ്ട്രീറ്റ്ലൈറ്റുകൾക്ക് താഴെ.

എന്നുമാത്രമല്ല, ഗായത്രി ഒരു നടിയാണ്. വെള്ളിവെളിച്ചത്തിൽ നിൽക്കുന്നവരെല്ലാം നമ്മുടെ സ്വന്തമാണെന്നൊരു ചിന്തയുണ്ട് ജനങ്ങൾക്ക്. അതുകൊണ്ടുതന്നെ ഈ അക്രമം അവരുടെ സ്വന്തം പ്രശ്നമായി.

സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം മലയാള സിനിമാലോകം കൊച്ചിയിലെ ഡർബാർ ഹാളിൽ ഒത്തുചേർന്നു. സാധാരണയായി ആഘോഷങ്ങളും പ്രൊമോഷനുകളും അവാർഡുദാന ചടങ്ങുകളും നടക്കുന്ന വലിയ മൈതാനമാണത്.

മുതിർന്ന താരങ്ങൾ പലരും അവിടെ സംസാരിച്ചു. മമ്മൂട്ടി, ഇന്നസൻ്റ്, മഞ്ജു വാര്യർ, ലാൽ… എല്ലാവരും അക്രമത്തിൽ അവർക്കുള്ള ആശങ്ക പങ്കുവച്ചു, ഐക്യദാർഡ്യം പ്രഖ്യാപിച്ചു, നീതി ആവശ്യപ്പെട്ടു.

കുറ്റവാളികളായ ആറുപേരുടെ മുഖങ്ങൾ അപ്പോഴേയ്ക്കും ടെലിവിഷൻ ചാനലുകളിലൂടെ കേരളം കണ്ടുകഴിഞ്ഞിരുന്നു. പൾസർ സുനിയെപ്പോലെയുള്ള ഒരു ഗുണ്ട സിനിമക്കാരുടെ ഡ്രൈവറാണെന്ന വാർത്ത, മലയാളസിനിമാമേഖലയും ക്രിമിനലുകളും തമ്മിലുള്ള അടുത്ത ബന്ധത്തിലേയ്ക്കാണ് വിരൽചൂണ്ടിയത്.

അന്നുരാത്രി ഒത്തുകൂടിയ സിനിമാ പ്രവർത്തകരുടെ മുൻ നിരയിൽ സൂപ്പർതാരം ദിലീപുമുണ്ടായിരുന്നു. സംസാരിക്കാനുള്ള ഊഴമെത്തിയപ്പോൾ ദിലീപ് എഴുന്നേറ്റുവന്ന്, മൈക്കിൻ്റെ ഇരുവശത്തും കൈകൾ വച്ച് ആത്മവിശ്വാസത്തോടെ നിന്നു. ആദ്യം പൊലീസിനെയാണ് പ്രശംസിച്ചത്. “ഈ അക്രമത്തിൻ്റെ പിന്നിലാരാണെന്നറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്,” ദിലീപ് പറഞ്ഞു. “സത്യങ്ങൾ വളച്ചൊടിക്കരുത്”എന്ന് മീഡിയയോടും ആവശ്യപ്പെട്ട ദിലീപ്, “നിങ്ങളെല്ലാവരും ഞങ്ങൾക്കൊപ്പമുണ്ടാകുമെന്നാണ് എൻ്റെ വിശ്വാസം” എന്നുപറഞ്ഞാണ് നിർത്തിയത്.

Loading content, please wait...
The News Minute
www.thenewsminute.com