മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും ഉപദേശകരുണ്ടാകുന്നതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. ഔദ്യോഗികമോ അനൗദ്യോഗികമോ ആയി പ്രവര്‍ത്തിക്കുന്ന ഉപദേശകര്‍ പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലുള്ള പണ്ഡിതന്മാരായ പ്രധാനമന്ത്രിമാര്‍ക്കും ഒരു വിവരവുമില്ലാത്ത പ്രധാനമന്ത്രിമാര്‍ക്കും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ സ്ഥിതിയും ഇതുതന്നെ. വലിയ പണ്ഡിതനായാല്‍ത്തന്നെ ചില സുപ്രധാന ഭരണമേഖലകളില്‍ അവര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിവുണ്ടാവണമെന്നില്ല. സര്‍ക്കാറിന്റെ ഔദ്യോഗികസംവിധാനത്തില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ഇല്ലാതെയും പോകും. . അതുകൊണ്ടുതന്നെയാണ് വിദേശകാര്യം, ശാസ്ത്രം, ആണവനയം തുടങ്ങി മേഖലകള്‍ സംബന്ധിച്ച് ഉപദേശങ്ങള്‍ നല്‍കാന്‍ ആളുകളെ നിയമിച്ചുപോന്നത്.
കേരളത്തിലെ മുഖ്യമന്ത്രിമാര്‍ക്ക് മുമ്പൊന്നും ഉപദേശകര്‍ ഉണ്ടായിരുന്നില്ല. എന്നാണ് ഈ പ്രവണത തുടങ്ങിയത് എന്ന് കൃത്യമായി പറയാനാവില്ല.1957 മുതല്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍ക്ക് ഉപദേശകന്‍ ആവശ്യമായി വന്നത് ഐ.ടി. പോലുള്ള സങ്കീര്‍ണ വിഷയങ്ങള്‍ പരമപ്രധാനമായി ഉയര്‍ന്നുവന്നപ്പോള്‍ മാത്രമാണ്. വി.എസ്. അച്യുതാനന്ദന്‍ വരെയുളള മുഖ്യമന്ത്രിമാര്‍ക്ക് അങ്ങനെയേ ഉപദേശകര്‍ ഉണ്ടായിട്ടുള്ളൂ. ഉമ്മന്‍ ചാണ്ടിക്ക് ഉപദേശകന്മാര്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷത്തോളമുള്ള ഭരണകാലാവധി തീരാറായി നിയമസഭാതിരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തി നില്‍ക്കുമ്പോള്‍ സ്ഥാനമൊഴിഞ്ഞ ചീഫ് സിക്രട്ടറിയെ ഉപദേശകനായി നിയമിക്കാന്‍, അതും ക്യാബിനറ്റ് റാങ്കോടെ, ഉമ്മന്‍ചാണ്ടി മടിച്ചിട്ടില്ല.
പാര്‍ട്ട് ടൈം ഉപദേശകര്‍
ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് പിണറായി വിജയന്‍. ഭരണമേറ്റപ്പോള്‍ത്തന്നെ അദ്ദേഹത്തിന് ഉപദേശം അത്യാവശ്യമായിത്തീര്‍ന്നെന്നാണ് തോന്നുന്നത്. രണ്ട് ഉപദേശകരെ ഉടനുടന്‍ നിയമിച്ചു. പ്രമുഖ അഭിഭാഷകനായ എം.കെ.ദാമോദരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസും. ദാമോദരന്‍ നിയമോദേഷ്ടാവ്, ബ്രിട്ടാസ് മാധ്യമ ഉപദേഷ്ടാവ്. രണ്ടുപേര്‍ക്കും അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ ഇപ്പോള്‍ത്തന്നെ പിടിപ്പതുപണിയുണ്ട്. അവിടത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച്് മുഴുവന്‍ സമയം ഉപദേശകരാകാനൊന്നും അവര്‍ക്ക്ു വയ്യ. അവര്‍ പിണറായി വിജയന് പാര്‍ട്ട് ടൈം അടിസ്ഥാനത്തിലാണ് ഉപദേശം നല്‍കുക.
എല്ലാവരും ശ്രദ്ധിക്കുകയും എന്നാല്‍ കാര്യമായ ചോദ്യമൊന്നും ഉയര്‍ത്താതിരിക്കുകയും ചെയ്ത ഒരു കാര്യമുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് നിയമോദേഷ്ടാവും മാധ്യമ ഉപദേഷ്ടാവും ഉണ്ടാകുന്നത്. തീര്‍ച്ചയായും ഒരു മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന് ഉപദേശം ആവശ്യമുള്ള മേഖലകളേത് എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പ്രശനം അതല്ല. സ്ഥാനമേറ്റ് ഒരു മാസത്തിനകം, സങ്കീര്‍ണതകള്‍ ഏറെയുള്ള മേഖലകളെല്ലാം മാറ്റിവെച്ച് മുഖ്യമന്ത്രി നിയമ, മാധ്യമ േമഖലകളില്‍ അടിയന്തരമായി ഉപദേശം വേണം എന്നുതീരുമാനിക്കാന്‍ എന്താണു കാരണം ? 'അതെന്താണപ്പാ രണ്ടേടത്ത് ഇത്ര വല്യ പ്രശ്‌നം' എന്നു നാട്ടുകാര്‍ ചോദിച്ചാല്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല.
പിണറായി വിജയന്‍ സ്ഥാനമേറ്റതുമുതല്‍ത്തന്നെ മന്ത്രിസഭയുടെ ഉപദേഷ്ടാവായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഏറെ ചര്‍ച്ചകളും വിവാദങ്ങളും നടന്നിരുന്നു്. അതൊരു ഭരണപ്രശ്‌നമെന്നതിലേറെ രാഷ്ട്രീയപ്രശ്‌നമായിരുന്നു. ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യിച്ച് സ്ഥാനമേല്‍പ്പിച്ച മുഖ്യമന്ത്രിക്കു മുകളില്‍ മറ്റൊരു അധികാരകേന്ദ്രമായിത്തീരുമോ ആ ഉപദേശകന്‍ എന്ന സംശയവും ആശങ്കയും സ്വാഭാവികമായി ഉയര്‍ന്നുവന്നു. അതെന്തായാലും നടന്നില്ല. എന്നാല്‍ നിയമ-മാധ്യമ ഉപദേഷ്ടാക്കളുടെ കാര്യത്തില്‍ അതിവേഗം തീരുമാനമായി. രണ്ടുപേരും കാല്‍പണം പ്രതിഫലം പറ്റാതെയാണ് മുഖ്യമന്ത്രിയെ ഉപദേശിക്കുക എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
എ.ജി.യുടെ പണിയെന്ത്?
നിയമ ഉപദേശകന്റെ നിയമനത്തിലും പ്രവര്‍ത്തനത്തിലും തുടക്കത്തില്‍ത്തന്നെ സംശയങ്ങളും ആശങ്കയും ഉയര്‍ന്നുവന്നിരുന്നു. നിയമം സുപ്രധാനമേഖലയാണ്. എന്നിട്ടും എന്തുകൊണ്ടു കേരളത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കും നിയമോപദേഷ്ടാവ് ഇല്ലാതായിപ്പോയത്? നിയമപ്രശ്‌നങ്ങളില്‍ ചെന്നുപെട്ട് ചക്രശ്വാസം വലിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നിട്ടും അദ്ദേഹത്തിന് അത്തരമൊരു ഉപദേഷ്ടാവ് ഉണ്ടായില്ല. എന്തുകൊണ്ട് എന്ന് നിയമരംഗത്തുള്ളവര്‍ക്കെല്ലാം അറിയാം. നിയമനിര്‍മാതാക്കള്‍ അക്കാര്യം പണ്ടേ മുന്നില്‍കാണുകയും അതിനുള്ള പരിഹാരത്തിന് നിയമവ്യവസ്ഥകള്‍ തന്നെ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അഡ്വക്കറ്റ് ജനറല്‍ ആണ് മുഖ്യമന്ത്രിയുടെ നിയമപരമായ നിയമോപദേഷ്ടാവ്. സംസ്ഥാന ഭരണത്തെ സംബന്ധിക്കുന്ന എല്ലാ നിയമപ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നത് എ.ജി.യാണ്.
അഡ്വക്കറ്റ് ജനറല്‍ പദവി നിയമപരമായി അംഗീകാരമുള്ളതാണ് എന്നു മാത്രം പറഞ്ഞാല്‍ അതൊരു ലഘൂകരണമായിരിക്കും. ആ തസ്തിക ഭരണഘടനാപരമായ തസ്തികയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 165, 177 വകുപ്പുകളില്‍ ഈ തസ്തികയുടെ അധികാരങ്ങളും നിയമനരീതികളും പറഞ്ഞിട്ടുണ്ട് എന്നു കേരള ഗവണ്മെന്റിന്റെ നിയമവകുപ്പിന്റെ വെബ്‌സൈറ്റില്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.
എന്താണ് അഡ്വക്കറ്റ് ജനറലിന്റെ ചുമതല? ആദ്യ വാചകത്തില്‍ത്തന്നെ പറയുന്നത് ഇങ്ങിനെ... 'സംസ്ഥാന ഗവണ്മെന്റിന് നിയമപരമായ എല്ലാ വിഷയങ്ങളിലും ഉപദേശം നല്‍കുകയും, ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്ന നിയമസ്വഭാവമുള്ള എല്ലാ ചുമതലകളും ഭരണഘടനയോ ഭരണഘടനയനുസരിച്ച് നിര്‍മിച്ച നിയമപ്രകാരമോ ഉള്ള ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുക അഡ്വക്കറ്റ് ജനറല്‍ ആയിരിക്കും.'
ആരാണ് മുകളില്‍?
സംഗതി വ്യക്തം. പക്ഷേ, അപ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നു. അഡ്വക്കറ്റ് ജനറല്‍ ഉള്ളപ്പോള്‍ എന്തിനാണ് വേറെ ഒരു നിയമോപദേഷ്ടാവ്? ആരാണ് മുകളില്‍? ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്ന അഡ്വക്കറ്റ് ജനറലോ അതോ നിയമപിന്‍ബലമൊന്നുമില്ലാത്ത, ജനങ്ങളോടോ ഭരണത്തോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത പാര്‍ട്ട് ടൈം ഉപദേഷ്ടാവോ? അഡ്വക്കറ്റ് ജനറല്‍ക്ക് മുകളില്‍ അങ്ങനെയൊരു ഉപദേഷ്ടാവിനെ നിയമിക്കുന്നത് ഭരണഘടനാപരമാണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുണ്ടോ?
പ്രതിഫലമൊന്നും വാങ്ങുന്നില്ല എന്നത് ഒരു ഔദ്യോഗിക ഉത്തരവാദിത്തം ആരെയെങ്കിലും ഏല്‍പ്പിക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ലതന്നെ. അഡ്വക്കറ്റ് ജനറല്‍ക്ക് മുകളിലാണ് ഇപ്പോഴത്തെ ഉപദേഷ്ടാവ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്. അഡ്വക്കറ്റ് ജനറല്‍ നിയമോപദേഷ്ടാവിനെ അങ്ങോട്ടുചെന്നുകണ്ട് ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്ന് അറിയാത്തവരില്ല ഭരണ മാധ്യമവൃത്തങ്ങളില്‍. ഇങ്ങനെയൊരു ഭരണഘടനാതീത അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഭരണഘടനാപരമാണോ എന്നു പറയാനുള്ള ബാധ്യത നിയമപണ്ഡിതന്മാര്‍ക്കുണ്ട്. എന്തുകൊണ്ടെന്നറിയില്ല ഈ വിഷയത്തില്‍ നിയമവിദഗ്ധര്‍ മൗനം പുലര്‍ത്തുകയാണ്.
ലോട്ടറി കേസ്സില്‍ കണ്ടതുപോലെ, പിണറായി വിജയന് നിരന്തരം തലവേദനയുണ്ടാക്കുന്ന ഒരു പ്രശ്‌നമായി ഇതുമാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മാധ്യമ ഉപദേഷ്ടാവിന്റെ കാര്യം കൂടി പരാമര്‍ശിക്കാതെ നിവൃത്തിയില്ല. ഒരു കാര്യത്തില്‍ നിയമോപദേഷ്ടാവിനോട് സാദൃശ്യമുണ്ട് ഈ തസ്തികയ്്ക്കും. ആദ്യമായാണ് കേരളത്തില്‍ ഇങ്ങനെയൊരു ഉപദേഷ്ടാവ് ഉണ്ടാകുന്നുത്. ഇതില്‍ നിയമ-ഭരണഘടനാ പ്രശ്‌നങ്ങളില്ല. പക്ഷേ, ഇവിടെയും ഔചിത്യത്തിന്റെ പ്രശ്‌നമുണ്ട്. ഒരു മാധ്യമസ്ഥാപനത്തിന്റെ- അതും പാര്‍ട്ടി സ്ഥാപിച്ച മാധ്യമസ്ഥാപനത്തിന്റെ- തലവന്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉപദേഷ്ടാവാകുന്നതൊട്ടും ശരിയല്ല എന്നു കരുതുന്നവര്‍ ഏറെയുണ്ട്. അദ്ദേഹത്തിന്റെ ചുതമലകള്‍ എന്ത്, എന്തെങ്കിലും അധികാരം അദ്ദേഹത്തിനുണ്ടോ തുടങ്ങിയ വശങ്ങളും അവ്യക്തമാക്കി നിര്‍ത്തിയിരിക്കുന്നു.
പ്രസ് സിക്രട്ടറിയെവിടെ?
മുഖ്യമന്ത്രിയും മാധ്യമങ്ങളും തമ്മിലുള്ള പാലം പ്രസ് സിക്രട്ടറിയാണ്. എത്രയോ കാലമായി അതാണ് അവസ്ഥ. പിണറായി വിജയന് പ്രസ് സിക്രട്ടറിയില്ല. അതുകൊണ്ട് ആ ചുമതല ആരും നിര്‍വഹിക്കുന്നില്ല. ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്ന പ്രമുഖ കവി പ്രഭാവര്‍മയെ സ്‌പെഷല്‍ സിക്രട്ടറിയായി നിയമിച്ചിട്ടുണ്ട്്. അദ്ദേഹമാണോ പ്രസ് സിക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുക? തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കോ പ്രഭാവര്‍മയ്‌ക്കോ മാധ്യമ ഉപദേഷ്ടാവിനുതന്നെയോ ഇക്കാര്യം അറിയില്ലെന്നാണ് തോന്നുന്നത്. ഇതിന്റെ ഒരു ശൂന്യത തലസ്ഥാനത്തുണ്ട്.
മുഖ്യമന്ത്രി മന്ത്രിസഭായോഗങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുക എന്നത് പി.ആര്‍.ഓ. പണി മാത്രമാണെന്ന ദുസ്സൂചന മുഖ്യമന്ത്രിയുടെ വാക്കുകളിലുണ്ടായി. സി.പി.എമ്മിന്റെ പ്രതിനിധികളായ മുന്‍ മുഖ്യമന്ത്രിമാര്‍- ഇ.കെ.നായനാരും വി.എസ്സും- ഇങ്ങനെ മാധ്യമപ്രവര്‍ത്തകരെ ആഴ്ചതോറും അഭിമുഖീകരിച്ചിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. പക്ഷേ, സംസ്ഥാനത്തെ ബാധിക്കുന്ന സുപ്രധാനപ്രശ്‌നങ്ങളാണ് മന്ത്രിസഭായോഗങ്ങളില്‍ പരിഗണനയ്ക്ക് വരുക. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ ഉയര്‍ന്നുവരാവുന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട കാര്യമില്ല എന്നും ഒറ്റവരി പത്രക്കുറിപ്പിറക്കിയാല്‍ തീരുന്നതാണ് ജനങ്ങളോടുള്ള ബാധ്യതയെന്നും മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ എവിടെയോ എന്തോ കുഴപ്പമുണ്ട് എന്ന് പറയേണ്ടിവരും.
മന്ത്രിമാരോടും മുഖ്യമന്ത്രിയോടും ലേഖകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്, ഉത്തരം പത്രത്തിലും ചാനലിലും പ്രസിദ്ധപ്പെടുത്തി കമ്പനിക്ക് കാശുണ്ടാക്കാന്‍ വേണ്ടിയല്ല. ജനങ്ങള്‍ അറിയുന്നതിനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി പരോക്ഷമായി ഉത്തരം നല്‍കുന്നത്. മാധ്യമങ്ങളെ തനിക്ക് തോന്നുമ്പോള്‍ കണ്ടോളാം, തനിക്കു സൗകര്യമുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിക്കോളാം എന്നൊക്കെ ഭരണാധികാരികള്‍ കരുതിയാല്‍ ദോഷം അവര്‍ക്കുതന്നെയാണ് ഉണ്ടാവുക എന്ന കാര്യത്തില്‍ സംശയമില്ല. ചിലതെല്ലാം അപ്പോഴപ്പോള്‍ വിശദീകരിക്കാതിരിക്കുന്നതാണ് വലിയ തെറ്റിദ്ധാരണകള്‍ക്കു കാരണമാവുക എന്നതും മറക്കേണ്ട
Note: The views expressed here are the personal opinions of the author.