മാധ്യമങ്ങളില്‍ ഇത് ഒരു പക്ഷേ വാര്‍ത്തയായിട്ടില്ല വായനക്കാര്‍ ശ്രദ്ധിക്കുന്നുമുണ്ടാവില്ല. പക്ഷേ, അതൊരു യാഥാര്‍ത്ഥ്യമാണ്. കുറെ ആഴ്ചകളായി കേരളത്തിലെ മാധ്യമങ്ങളില്‍ കോടതിവാര്‍ത്തകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ദൃശ്യ,അച്ചടി, ഭാഷാ ഭേദങ്ങളില്ല. കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്നില്ലെന്ന കാര്യം ഒരു വാര്‍ത്തയായിപ്പോലും മാധ്യമങ്ങളില്‍ വന്നിട്ടില്ല. തങ്ങളെ അഭിഭാഷകര്‍ ശാരീരികമായി തടയുകയും ആക്രമിക്കുകയും ചെയ്യുന്നതുകൊണ്ട് തങ്ങള്‍ക്ക് പ്രധാനവാര്‍ത്തകള്‍ റിപ്പോട്ട് ചെയ്യാന്‍ കഴിയുന്നില്ല എന്ന കാര്യം പത്രങ്ങള്‍ ഒരു അറിയിപ്പായിപ്പോലും പ്രസിദ്ധീകരിച്ചിട്ടുമില്ല.
വാര്‍ത്ത എന്നതിനപ്പുറും നിത്യജീവിതത്തില്‍ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ അടങ്ങുന്നതാണ് മിക്ക കോടതിവാര്‍ത്തകളും. ചിലരെ ശിക്ഷിക്കുന്നതും ശിക്ഷിക്കാതിരിക്കുന്നതും നിയമത്തിന്റെ വ്യാഖ്യാനങ്ങള്‍ പുതിയ നിയമങ്ങളായി മാറുന്നതുമെല്ലാം ജനങ്ങള്‍ അറിയുന്നത്-ചിലപ്പോള്‍ അഭിഭാഷകര്‍പോലും അറിയുന്നത്- മാധ്യമങ്ങളിലൂടെയാണ്. ജനാധിപത്യസമൂഹത്തിലെ അനിവാര്യമായ നിയമബോധവല്‍ക്കരണമാണ് ഈ പ്രക്രിയ. ഫോര്‍ത്ത്് എസ്റ്റേറ്റിന്റെ അടിസ്ഥാനലക്ഷ്യമായി ജനാധിപത്യലോകം അംഗീകരിച്ചിട്ടുള്ളത് ഇന്‍ഫോംഡ് സിറ്റിസണിന്റെ നിര്‍മിതിയാണ്. ഇതാണ് ഇപ്പോള്‍ പാടെ നിലച്ചിരിക്കുന്നത്.
ഒരു മാസം മുമ്പ്, രണ്ട് തൊഴില്‍വിഭാഗങ്ങള്‍ തമ്മില്‍ യാദൃച്ഛികമായി ആരംഭിച്ചതെന്നു നാം കരുതിയ സംഘര്‍ഷമാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഒരു വിഭാഗം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ ഉരസല്‍ സാധാരണഗതിയില്‍ ഒരു ചര്‍ച്ചയില്‍ അവസാനിക്കുന്നതാണ്. അത്തരമൊരു ചര്‍ച്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുകയും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ ജില്ലകള്‍ തോറും സംവിധാനം ഉണ്ടാക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നേ ആരും ധരിക്കൂ. പക്ഷേ, പിറ്റേദിവസം കോഴിക്കോട് കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനു വന്നവരെ ഒരു എസ്.ഐ. തടയുകയും അറസ്റ്റ് ചെയ്യുകയും ക്രിമിനല്‍പുള്ളികളോടെന്ന വണ്ണം പെരുമാറുകയുമെല്ലാം ചെയ്യുന്നതാണ് കണ്ടത്.
ഒന്നും യാദൃച്ഛികമല്ല
പ്രശ്‌നം പോലീസും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ളതാണെന്നും അഭിഭാഷകര്‍ക്ക് അതില്‍ പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് നിമിഷങ്ങള്‍ക്കകം കോഴിക്കോട്ടെ അഭിഭാഷകര്‍ തിരുത്തി. തങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജ് എസ്.ഐ.ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് ബാര്‍ അസോസിയേഷന്‍ പത്രക്കുറിപ്പ് ഇറക്കിയപ്പോള്‍ എല്ലാം സുവ്യക്തമായി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനും തീരുമാനത്തിനും തങ്ങള്‍ ഒരു വിലയും കല്പിക്കുന്നില്ലെന്ന അഭിഭാഷകസംഘടനയുടെ പ്രഖ്യാപനം കൂടിയായിരുന്നു അത്. തിരുവനന്തപുരം കോടതിയില്‍ ഒരു പ്രകോപനവും ഇല്ലാതെ ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ശാരീരികമായി കടന്നാക്രമിക്കുകയാണ് ഉണ്ടായതെന്നോര്‍ക്കുമ്പോള്‍ കോഴിക്കോട്ട് അത്രയൊന്നും ചെയ്തില്ലല്ലോ എന്നാശ്വസിക്കാമെന്നു തോന്നുന്നു.
മാധ്യമസ്ഥാപനങ്ങളോ പത്രപ്രവര്‍ത്തകസംഘടനകളോ ഔപചാരികമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ എന്നറിയില്ല ആഴ്ചകളായി ആരും കോടതികളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നില്ല. മര്‍ദ്ദനം ഭയന്നാണ് അവര്‍ പോകാത്തത്. കോടതിക്കകത്ത് സംരക്ഷണം ഉറപ്പുവരുത്താന്‍ പോലീസ് സന്നദ്ധമല്ല. ഹൈക്കോടതിയില്‍ ആറായിരത്തോളം അഭിഭാഷകരുണ്ടെന്നാണ് കേള്‍ക്കുന്നത്. അവരില്‍ ഒരു ശതമാനമാളുകള്‍ ഗുണ്ടായിസം കാണിച്ചാല്‍ പത്രപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ട് പ്രവേശിക്കാന്‍പോലും കഴിയില്ല.
ഹൈക്കോര്‍ട്ട് സംഭവമോ തിരുവനന്തപുരം കോഴിക്കോട് സംഭവങ്ങളോ യാദൃച്ഛികമായിരുന്നില്ലെന്നും ഇതിനു പിന്നില്‍ മാധ്യമങ്ങളെ നിഷ്‌ക്രിയമാക്കാനുള്ള വലിയ അജന്‍ഡ ഉണ്ടെന്നും ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്. ഹൈക്കോടതിയിലെ തര്‍ക്കം പരിഹരിക്കുന്നതിന് അഡ്വക്കെറ്റ് ജനറല്‍ വിളിച്ചുചേര്‍ത്ത അഭിഭാഷക-മാധ്യമപ്രവര്‍ത്തകയോഗത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെയും സ്വതന്ത്രപത്രപ്രവര്‍ത്തനത്തെയും മാനിക്കുന്ന ആരുടെയും നെറ്റി ചുളിപ്പിക്കുന്നതാണ്്്. ഒരു പ്രമുഖ മലയാള പത്രത്തിന്റെ ഒന്നാം പേജില്‍ , മലയാളത്തിലെ ഏറ്റവും പ്രമുഖ കാര്‍ട്ടൂണിസ്റ്റ് വരച്ച കാര്‍ട്ടൂണ്‍ ഉയര്‍ത്തിപ്പിടിച്ച് ബാര്‍ അസോസിയേഷന്‍ നേതാവ് ആവശ്യപ്പെട്ടത് ഇത്തരം കാര്‍ട്ടൂണുകള്‍ ഇനി പ്രസിദ്ധീകരിക്കില്ല എന്ന് മാധ്യമപ്രതിനിധികള്‍ ഉറപ്പുനല്‍കണം എന്നായിരുന്നു. എന്നെയും വെറുതെ വിടേണ്ട എന്ന് പ്രധാനമന്ത്രി നെഹ്‌റു നമ്മുടെ നാട്ടുകാരനായ ഒരു കാര്‍ട്ടൂണിസ്റ്റിനോട് പറഞ്ഞത് കുട്ടികള്‍ക്കുപോലും അറിയാം. അത്തരമൊരു ജനാധിപത്യത്തിലാണ് അഭിഭാഷകനേതാവിന്റെ ഈ ആവശ്യം. ചാനലുകളില്‍ രാത്രി നടക്കുന്ന ആക്ഷേപഹാസ്യ പ്രോഗ്രാമുകളില്‍ മേലില്‍ അഭിഭാഷകരെക്കുറിച്ച് ഒരു പരാമര്‍ശവും പരിഹാസവും ഉണ്ടാവരുത് എന്നായിരുന്നു അടുത്ത ഡിമാന്‍ഡ്. വേറെ ഡിമാന്‍ഡുകളുണ്ട്.
ഇതൊന്നും ഒരു ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പരിഗണനയ്ക്ക് വരേണ്ട വിഷയങ്ങളേ അല്ല. കാരണം ഇതിന്റെയൊന്നും പേരിലല്ല മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമുണ്ടായ പ്രശ്‌നങ്ങളൊന്നും അഭിഭാഷകര്‍ ഉന്നയിച്ചതേയില്ല. കാരണം അതെല്ലാം കോടതിയില്‍ കേസ്സുകളായി മാറിയിരിക്കുന്നു. സ്ത്രീപീഡന പരാതിയില്‍ പൊലീസ് എടുത്ത നടപടിയിലും അതു റിപ്പോര്‍ട്ട് ചെയ്തതിലുമാണ് ഈ പ്രശ്‌നങ്ങളെല്ലാം തുടങ്ങിയതെന്നു നാം മറന്നുപോകരുത്.
മാധ്യമപ്രവര്‍ത്തനവും മാധ്യമഉടമസ്ഥരും
മാധ്യമ ഉടമസ്ഥന്മാരെക്കുടി പങ്കെടുപ്പിച്ചുകൊണ്ടുള്ള വേറെ യോഗം വേണമെന്ന് ബാര്‍ അസോസിയേഷന്‍ ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അവര്‍കൂടി പങ്കെടുത്ത ഒരു അനുരഞ്ജനയോഗം കഴിഞ്ഞ ദിവസം നടന്നപ്പോള്‍ അഭിഭാഷകപക്ഷത്തുനിന്നു ഉയര്‍ന്ന ആവശ്യങ്ങള്‍ കേട്ടവര്‍ക്ക് കരയണമോ ചിരിക്കണമോ എന്നു മനസ്സിലായില്ല. കോടതിയില്‍ പത്രറിപ്പോര്‍ട്ടിങ്ങ് നടത്തുന്നത് ആരെല്ലാമാവണം എന്നു തീരുമാനിക്കുന്നത് കോടതി ആയിരിക്കണമെന്നതാണ് ഉന്നയിക്കപ്പെട്ട ഒരാവശ്യം. ലോകത്തിലെ ഏതെങ്കിലും കോടതിയിലെ ഏതെങ്കിലും അഭിഭാഷകസംഘടന ഇതുപോലൊരു ആവശ്യം ഉന്നയിക്കുമോ എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരും ഉന്നയിക്കില്ല.
അഭിഭാഷകരും പത്രപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പത്രഉടമസ്ഥരും പങ്കെടുക്കണമെന്ന നിര്‍ദ്ദേശം മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപമാനകരവും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമായിരുന്നു. സ്‌കൂളില്‍ കച്ചറയുണ്ടാക്കിയ കുട്ടിയോട് രക്ഷിതാവിനെ കൂട്ടിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെടുന്നതുപോലൊരു മാനം കെടുത്തുന്ന സംഗതിയായിട്ടും പത്രപ്രവര്‍ത്തകസംഘടന അതില്‍ പ്രതികരിച്ചില്ല. അല്പം നാണംകെട്ടാലും സാരമില്ല, പ്രശ്‌നം തീര്‍ന്നോട്ടെ എന്നവര്‍ വിചാരിച്ചുകാണും. തെറ്റുപറയുന്നില്ല. പക്ഷേ അഭിഭാഷകര്‍ എന്താണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് അങ്ങനെ സ്വാതന്ത്ര്യമൊന്നുമില്ല, ഞങ്ങള്‍ പറയുന്നതുപോലെ ചെയ്താല്‍ മതി എന്നാണോ? അതാണോ ഭരണഘടന വാഗ്ദാനം ചെയ്തതും സര്‍വകോടതികളും ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ചതുമായ അഭിപ്രായസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും? പത്രപ്രവര്‍ത്തകര്‍ എഴുതിയയച്ചാലും ശരി മുതലാളിമാരായ നിങ്ങള്‍ അതു പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നാണോ മാധ്യമഉടമസ്ഥരെക്കൂടി വിളിച്ചുചേര്‍ത്ത് അവര്‍ വാങ്ങിക്കാന്‍ ശ്രമിച്ച ഉറപ്പുകളിലൊന്ന്്?
ഉടമസ്ഥരല്ല പത്രാധിപന്മാരാണ് പത്രത്തിന്റെ ഉള്ളടക്കത്തിന് ഉത്തരവാദികളെന്ന് നിയമം ഉറപ്പിച്ചു പറയുന്നുണ്ട്. വിശാലനയങ്ങള്‍ മാത്രമേ പത്രഉടമസ്ഥര്‍ തീരുമാനിക്കാന്‍ പാടുളളൂ. ഇക്കാര്യം നിയമപരീക്ഷ പാസ്സായി വന്ന അഭിഭാഷകര്‍ക്ക് അറിഞ്ഞുകൂടെന്നു വരുമോ ആവോ? പ്രസ് ആന്റ് റജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്റ്റ് പ്രകാരം എന്നു പറഞ്ഞുകൊണ്ടാണ് മിക്കവാറും എല്ലാ പത്രങ്ങളും പത്രത്തിന്റെ അവസാനപേജില്‍ എഡിറ്ററുടെ പേര് പ്രസിദ്ധപ്പെടുത്തുന്നത്. ഇതു വെറും ഒരു സാങ്കേതികപ്രശ്‌നമല്ല. ജനാധിപത്യലോകം അംഗീകരിച്ച ഒരു മാധ്യമതത്ത്വം കൂടിയാണ്. അഭിഭാഷകന്റെയും അധ്യാപകന്റെയും ഡോക്റ്ററുടെയും എന്‍ജിനീയറുടെയും എല്ലാം പ്രൊഫഷന്‍ പോലെ ഒന്നാണ് മാധ്യമപ്രവര്‍ത്തനവും. അതിന് അതിന്റേതായ പ്രൊഫഷനനല്‍ ഓട്ടോണമി ഉണ്ട്, ഉണ്ടാവണം. അതാണ് ഫോര്‍ത്ത് എസ്റ്റേറ്റിന്റെ അടിസ്ഥാനം.
പ്രസ് കൗണ്‍സില്‍ പറയുന്നത്
ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന, സുപ്രീം കോടതി ജഡ്ജ് ആയിരുന്നവര്‍ നേതൃത്വം വഹിക്കുന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, മാനേജ്‌മെന്റ്-എഡിറ്റര്‍ ബന്ധത്തെക്കുറിച്ച് എന്തു പറയുന്നു എന്നു കൂടി അറിയുന്നത് നന്നായിരിക്കും.
Once the owner lays down the policy of the newspaper for general guidance, neither he nor anybody on his behalf can interfere with the day to day functioning of the editor and the journalistic staff working under him. It is well established that the freedom of the press is essentially the freedom of the people to be informed accurately and adequately on all issues, problems, events and developments. In discharge of the editorial functions the editor is supreme and superior even to the owner. The independence of the newspaper, is essentially the independence of the editor from all internal and external restrictions. Unless the editor enjoys this freedom he will be unable to discharge his primary duty which is to the people and without such freedom, he can be held responsible in law for all that appears in the newspaper.
ഇതിനൊരു മലയാളം വിവര്‍ത്തനമോ വ്യാഖ്യാനമോ ആവശ്യമുണ്ട് എന്നു തോന്നുന്നില്ല.
കോടതി വളപ്പിലെ അംഗബലത്തിന്റെയും അതുപയോഗിച്ച് ന്യായാധിപന്മാരില്‍ ചെലുത്താനാവുന്ന സ്വാധീനത്തെയും ഉപയോഗപ്പെടുത്തി നിയമവിരുദ്ധവും അധാര്‍മികവുമായ അധികാരം സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുക എന്ന പ്രവണതയാണ് ഇവിടെ പച്ചയായി കാണുന്നത്. കോടതി വാര്‍ത്തകള്‍ പത്രത്തില്‍ വരുന്നില്ല എന്നത് പത്രഉടമകളെയോ പത്രപ്രവര്‍ത്തകരെത്തന്നെയോ കാര്യമായൊന്നും ബാധിക്കാന്‍ പോകുന്നില്ല. കോടതി വാര്‍ത്ത ഇല്ലെന്നത് പത്രവില്പനയെ ബാധിക്കില്ല, പത്രപ്രവര്‍ത്തകന്റെ ശമ്പളത്തെയും ബാധിക്കില്ല. പക്ഷേ, ഇതു പത്രസ്വാതന്ത്ര്യത്തെ ബാധിക്കും. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണ്. അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം പത്രമേഖലയുടെ മാത്രം പ്രശ്‌നമല്ല, പൊതുജനത്തിന്റെ പ്രശ്‌നമാണ്.
മന്ത്രിമാര്‍ക്കും പേടി വേണ്ട!
അഴിമതിയിലും അക്രമത്തിലും സ്ത്രീപീഡനത്തിലും നാനാവിധ നിയമ-ധാര്‍മിക ലംഘനങ്ങളിലും മുഴുകിക്കഴിയുന്ന ഒരു സമ്പന്ന-അധികാരിവര്‍ഗത്തിന്റെ താല്പര്യമാണ് ഈ മാധ്യമവിരുദ്ധനീക്കത്തിന് പിന്നില്‍ എന്നു ഇപ്പോള്‍ കൂടുതല്‍ ബോധ്യമായി വരുന്നു. കുറച്ച് അഭിഭാഷകര്‍ അറിഞ്ഞും ബഹുഭൂരിപക്ഷം അഭിഭാഷകര്‍ അറിയാതെയുമാണ് ആ നീക്കത്തില്‍ പങ്കാളികളായിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍നിന്ന് അകറ്റി നിര്‍ത്തുക എന്നതു മാത്രമല്ല ഇതിന്റെ ലക്ഷ്യം. എന്തിനാണ് റിപ്പോര്‍ട്ടര്‍മാര്‍ ഇവിടെ വന്ന് റിപ്പോര്‍ട്ട് എടുക്കുന്നത്, പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകള്‍ ഞങ്ങള്‍ തന്നെ എഴുതി അയക്കാമല്ലോ എന്ന ചോദ്യം പോലും യോഗത്തില്‍ ഉയര്‍ന്നു. ഞങ്ങള്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ മാത്രം ജനം അറിഞ്ഞാല്‍ മതിയെന്ന ഗൂഢോദ്ദേശ്യമാണ് ഇതിനു പിന്നിലെന്നു വ്യ്ക്തം.
കോടതിവിധികളല്ല, ന്യായാധിപന്മാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുമാണ് മിക്കപ്പോഴും വഴിത്തിരിവാകുന്ന പല രാഷ്ട്രീയസംഭവങ്ങള്‍ക്കും കാരണമാകുന്നത്. പഴയ ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെടെ പല മന്ത്രിമാരുടെയും രാജി ഉണ്ടായത് ജഡ്ജുമാര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ്. ഇതൊന്നും രേഖകളില്‍ കാണില്ല. റിപ്പോര്‍ട്ടര്‍മാര്‍ നേരിട്ടു കേട്ടാലേ ഇതു റിപ്പോര്‍ട്ടു ചെയ്യാന്‍ പറ്റൂ. കോടതിറിപ്പോര്‍ട്ടിങ്ങ് ഇല്ലാതായാല്‍ മന്ത്രിമാര്‍ക്കൊന്നും അതുപേടിക്കേണ്ട.
ഇപ്പോള്‍തന്നെ പല അഴിമതി-സ്ത്രീപീഡനക്കേസ്സുകളില്‍ പ്രതികളായിട്ടുള്ള ഉന്നതരുടെ താത്പര്യം കൂടി ഈ മാധ്യമവിരുദ്ധ നീക്കത്തിനു പിന്നിലുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു നീക്കത്തെയും അവര്‍ അനുകൂലിക്കുകയില്ല. ഇത്തരക്കാരുടെയെല്ലാം പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നവരാണ് ജുഡീഷ്യല്‍ കാര്യങ്ങളില്‍ ഭരണാധികാരികളെ ഉപദേശിക്കുന്നത് എന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.